തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയായ കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി കേരള സിലബസുകാർ. പുതിയ ഫോർമുല അനുസരിച്ച് തയ്യാറാക്കിയ കീം റാങ്ക് പട്ടികയാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെയ്ക്കുകയും ചെയ്തു. കീമിൽ ഇനി നിയമയുദ്ധം വേണ്ടെന്നു തീരുമാനിച്ച് പഴയ രീതിയനുസരിച്ച് കഴിഞ്ഞ ദിവസം പുതുക്കിയ റാങ്ക് പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് ‘കീമിൽ ഞങ്ങൾക്ക് നീതി വേണം’ എന്ന പേരിൽ എൻജിനിയറിങ് റാങ്ക്പട്ടികയിലുള്ള ഒരു കൂട്ടം വിദ്യാർഥികൾ വാട്‌സ്ആപ്പ് കൂട്ടായ്മയും രൂപവത്കരിച്ചു. ഗ്രൂപ്പ് ആരംഭിച്ച് ഒരു ദിവസത്തിനുള്ളിൽ ആയിരത്തിലേറെപ്പേരാണ് ഇതിൽ അംഗങ്ങളായത്. സാമൂഹിക മാധ്യമങ്ങൾ വഴി കൂടുതൽ പിന്തുണ നേടിയെടുക്കാനാണ് ശ്രമം. കേരള സിലബസുകാരുടെ വേദനയും പ്രതീക്ഷയും മന്ത്രിമാരായ ആർ ബിന്ദുവിനെയും വി ശിവൻകുട്ടിയെയും അറിയിക്കാൻ എല്ലാ സാധ്യതകളും തേടണമെന്നാണ് അംഗങ്ങളോട് ഗ്രൂപ്പ് അഡ്മിൻ അജാസിന്റെ അഭ്യർഥന.

അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഷ്ട്രീയക്കാരെ സമ്മർദത്തിലാക്കാനുള്ള തന്ത്രവും ആവിഷ്‌കരിക്കും. ഇപ്പോഴത്തെ റാങ്ക്പട്ടികയിലുള്ള മിക്കവർക്കും അടുത്തവർഷം 18 വയസ്സാവും. വോട്ടവകാശം ലഭിക്കും. കഴിഞ്ഞവർഷവും ഇത്തവണയും രണ്ടുലക്ഷം പേർ വീതം കീം പരീക്ഷയെഴുതി. അടുത്തവർഷവും രണ്ടുലക്ഷംപേർ എഴുതും. ഇത്രയുംപേർക്കും അവരുടെ രക്ഷിതാക്കൾക്കുമൊക്കെ വോട്ടുണ്ടെന്നും ആ സാധ്യത ഒരു സമ്മർദമാക്കണമെന്നുമാണ് ആഹ്വാനം. അതിനാൽ, വിദ്യാർഥി-യുവജന സംഘടനാ നേതാക്കളെയും എംഎൽഎമാരെയും എംപിമാരെയുമൊക്കെ സമീപിച്ച് സമ്മർദം ചെലുത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ. പുതിയ ഫോർമുലയനുസരിച്ചുള്ള കീം റാങ്ക്പട്ടിക റദ്ദാക്കപ്പെട്ടപ്പോൾ, പരാതിയുള്ളവർക്ക് മേൽക്കോടതിയിൽ പോവാമെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം.

























