അവളെ കൊന്നുകളഞ്ഞില്ലേ, ഭർതൃവീട്ടിൽ കൊടിയ പീഡനം നേരിട്ടു’; വിപഞ്ചികയ്ക്ക് നീതി കിട്ടണമെന്ന് അമ്മ ശൈലജ

കൊല്ലം: ഷാർജയിൽ വിപഞ്ചികയും പിഞ്ചു കുഞ്ഞും മരിച്ച സംഭവത്തിൽ മകൾക്ക് നീതി കിട്ടണമെന്ന് അമ്മ ശൈലജ. ഭർതൃവീട്ടിൽ മകൾ കൊടിയ പീഡനമാണ് നേരിട്ടത്. വീട്ടിൽ ഒന്നും അറിയിക്കാതെ മകൾ നിശബ്ദമായി എല്ലാം സഹിക്കുകയായിരുന്നു. മകളുടെ ഭർത്താവ് നിതീഷ് നയിച്ചത് ആഡംബര ജീവിതമാണ്. ജോലി ചെയ്ത സ്ഥാപനത്തെ പോലും നിതീഷ് വഞ്ചിച്ചു. ഇക്കാര്യം കമ്പനിയെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ മകളെ നിതീഷ് ഭീഷണിപ്പെടുത്തി. മകളുടെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് അറിഞ്ഞിട്ടും സ്വന്തം കുഞ്ഞിനെ ഓർത്ത് എല്ലാം സഹിക്കാൻ മകൾ തയ്യാറായി. മകളുടെ മരണത്തിൽ ദുരൂഹതകളേറെയുണ്ട്. മകളുടെ മരണം കേന്ദ്ര ഏജൻസി ഇടപെട്ട് അന്വേഷിക്കണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘അവളെ കൊന്നുകളഞ്ഞില്ലേ മക്കളെ. അവൾക്ക് പ്രതികരണ ശേഷി ഉണ്ടായിരുന്നുവെങ്കിൽ പ്രതികരിക്കുമായിരുന്നില്ലേ. അവൾ അത്ര പഞ്ച പാവമാണ്. എന്നെ ഒന്നും അറിയിക്കേണ്ട എന്ന് കരുതി എല്ലാം ഒളിപ്പിച്ചുവെച്ചു. ഇത്രയും സഹിക്കുന്ന മകളാണ് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അവനെ നാട്ടിൽ എത്തിക്കണം. അന്വേഷിച്ച് അവനെയും അവന്റെ പെങ്ങളെയും അച്ഛനെയും നാട്ടിൽ എത്തിക്കണം. തക്കതായ ശിക്ഷ നൽകണം. അരുമ കുഞ്ഞുമായി മകൾ മരിക്കണമെങ്കിൽ അവൻ അത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട്. അവൻ കുഞ്ഞിനെ പോലും നോക്കില്ല. കുഞ്ഞ് കരഞ്ഞാൽ പോലും നോക്കില്ല. ഇങ്ങനെയാണോ ഒരു അച്ഛൻ ചെയ്യേണ്ടത്. എന്റെ മകളെ ഈ അവസ്ഥയിൽ ആക്കിയവരെ വെറുതെ വിടരുത്. അങ്ങേയറ്റം വരെ പോകണം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് അവനും അവന്റെ പെങ്ങൾക്കും അച്ഛനും ശിക്ഷ മേടിച്ചുകൊടുക്കണം.’- ശൈലജ പറഞ്ഞു.

‘അവൻ മകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അത് എനിക്ക് അറിയാം. അവന് നാലഞ്ചു ലക്ഷം രൂപ ശമ്പളം ഉണ്ട്. എന്റെ മകളുടെ ശമ്പളവും എടുത്തും ജീവിച്ചിട്ടും അവന് തികയുന്നില്ല. അവൻ കമ്പനിയുടെ ഷെയർ മറിച്ചുവിറ്റു. പ്രണവ് എന്ന് പറയുന്ന ഒരുത്തനുമായിട്ട്. അതും തികയാതെ വന്നപ്പോൾ എന്റെ മകൾ ചോദിച്ചു. ഈ കാശ് എന്തു ചെയ്യുന്നുവെന്ന്? അവൻ പറഞ്ഞില്ല. ഇത്രയും കിട്ടിയിട്ടും തികഞ്ഞില്ലെങ്കിൽ ഇനിയും കമ്പനിയെ വഞ്ചിക്കുന്നത് അറിഞ്ഞാൽ കമ്പനിക്ക് പരാതി നൽകുമെന്ന് മകൾ പറഞ്ഞു. നീ കമ്പനിക്ക് പരാതിപ്പെട്ടാൽ എന്റെ ജോലി പോകും. നിന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. മകൾ ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ രക്ഷിച്ചേനെ. വിവാഹം കഴിച്ച അന്നുതൊട്ടെ മകളെ അവൻ ഉപദ്രവിച്ചു. എല്ലാം അവൾ ഉള്ളിൽ ഒതുക്കി. മകൾ അവനെ സ്‌നേഹിച്ചിട്ടേയുള്ളൂ. മകൾക്ക് ഒരു വാശിയെ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തരുത്. അച്ഛനും അമ്മയും ചേർന്ന് വളർത്തണം. അതിന് വേണ്ടി മകൾ എന്തു ത്യാഗം സഹിക്കാനും തയ്യാറായിരുന്നു. അവന് അഫയർ ഉണ്ടെന്ന് അറിഞ്ഞിട്ടും മകൾ ക്ഷമിക്കാൻ തയ്യാറായി. എങ്കിലും എന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജീവിക്കാൻ മനസില്ല എന്ന് അവൾ പറഞ്ഞു. എന്നിട്ടും അവൻ ചെയ്തു.’- വിപഞ്ചികയുടെ അമ്മ വിതുമ്പി.

അതിനിടെ, ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊല്ലം സ്വദേശി വിപഞ്ചിക പോസ്റ്റ് ചെയ്ത കുറിപ്പും പ്രചരിക്കുകയാണ്. താൻ നേരിട്ട പീഡനങ്ങളും അപമാനവും വിവരിക്കുന്നതാണ് വിപഞ്ചികയുടെ കുറിപ്പ്. ഫെയ്‌സ്ബുക്കിൽ ഷെഡ്യൂൾ ചെയ്ത് പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് വിവരം.മടുത്തു എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

തനിക്ക് നേരിട്ട ക്രൂരതകൾ വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യകുറിപ്പിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരിൽ ഭർതൃവീട്ടുകാർ സ്ഥിരമായി വിപഞ്ചികയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്നും ഭർത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് പോലും മോശം അനുഭവം യുവതിക്കുണ്ടായതായും ഗർഭിണിയായിരിക്കുമ്പോൾ കഴുത്തിൽ ബെൽറ്റ് ഉപയോഗിച്ചു കെട്ടി വലിച്ചതായും വിപഞ്ചികയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നു. ഒരിക്കലും ഈ കൊലയാളിയെ വെറുതെ വിടരുത് എന്ന് പറഞ്ഞു കൊണ്ടാണ് ആത്ഹത്യ കുറിപ്പ് ആരംഭിക്കുന്നത്.

‘മരിക്കാൻ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീർന്നിട്ടില്ല. തന്റെ മരണത്തിൽ ഭർത്താവ് നിതീഷ് മോഹൻ, ഭർതൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികൾ. ഭർത്താവിന്റെ പിതാവ് മോഹനൻ ആണ് രണ്ടാം പ്രതി.’ എന്ന് വിപഞ്ചിക എഴുതിയ കുറിപ്പിൽ പറയുന്നു.

‘കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാർ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛൻ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറി എന്ന് നിതീഷിനോട് പറഞ്ഞപ്പോൾ അയാൾക്കും കൂടി വേണ്ടിയാണു ഞാൻ നിന്നെ വിവാഹം ചെയ്തത് എന്നായിരുന്നു മറുപടി” എന്നും കത്തിൽ യുവതി പറയുന്നു. ഭർതൃസഹോദരി നീതു ആയിരുന്നു ഇരുവരുടെയും ഇടയിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നത് എന്ന് കത്തിൽ ആരോപിക്കുന്നു.