‘മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിക്കുന്നവർക്കും അവാർഡ് പ്രതീക്ഷിക്കണം’; വിമർശനവുമായി ഇന്ദു മേനോൻ

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മലയാള സാഹിത്യ രംഗത്ത് വലിയതോതിൽ വിമർശനം. ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്ന് എഴുത്തുകാരി ഇന്ദുമേനോൻ പ്രതികരിച്ചു. മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം എന്നും എഴുത്തുകാരി പറയുന്നു. 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ച അഖിൽ പി ധർമജന്റെ റാം C/0 ആനന്ദി (ram c/o anandhi)എന്ന നോവിലിന്റെ പേര് പരോക്ഷമായി പരാമർശിച്ചാണ് എഴുത്തുകാരിയുടെ വിമർശനം. റാം നിങ്ങൾ കരുതുന്ന അഭിനവരാമൻ അല്ല ചങ്ങായിമാരെ എന്നും ഇന്ദു മേനോൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലിറ്റററിഫിക്ഷൻ ഇനി ഒന്നിനും ആവശ്യമില്ല ധാരാളമായി വിറ്റുപോകുന്ന പൾപ്പ് ഫിക്ഷനാണ് ഇനിയത്തെ കാലം. മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കണം.

പറങ്ങോടി പരിണയം മലയാളസാഹിത്യത്തിന്റെ മുഖമായി ഇനി നമുക്ക് വയ്ക്കാം. ഇന്ത്യയിൽ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പൾപ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നേയില്ല.

വി വിജയകുമാർ സാർ കൃത്യമായി പറഞ്ഞിരിക്കുന്നു. മൃദുലിന്റെ കഥയ്ക്കും ദുർഗ്ഗാപ്രസാദിന്റെ കവിതയ്ക്കും മേലെ ഒരു പൾപ്പു നോവലിനെ പുരസ്‌കരിക്കുന്ന സാഹിതീയഭാവുകത്വമാണ് കേന്ദ്രസാഹിത്യഅക്കാദമിയുടെ വിധികർത്താക്കൾക്കുള്ളത്.

സാഹിത്യത്തെ വർഗീയവൽക്കരിക്കാനുള്ള ആദ്യത്തെ പടി പുരസ്‌കാരവിധി നിർണ്ണയനങ്ങളിലൂടെയും മറ്റും പൾപ്പു കൃതികളെയും മതാധിഷ്ഠിതകൃതികളെയും പ്രതിസ്ഥാപിക്കുകയും അപചയിച്ച ഭാവുകത്വത്തെ നിർമ്മിക്കുകയും ആയിരിക്കണം റാം നിങ്ങൾ കരുതുന്ന അഭിനവരാമൻ അല്ല ചങ്ങായിമാരെ

നബി : ജൂറിയായി ഇരിക്കുന്നവരുടെ പേര് താഴെ നൽകുന്നു ഇവർ ആരാണെന്നും എന്താണെന്നും വല്ല പിടിപാടും ഉണ്ടോ

മലയാളം; സുശ്രീ എ.ജി. ഒലീന, ഡോ. വി. രാജീവ്, ഡോ. ശ്രീവൃന്ദ നായർ എൻ