പാകിസ്താൻ മിസൈൽ ഇട്ടതാണെന്നാണ് കരുതിയത്; വിമാനം ഇടിച്ചുകയറിയ ഹോസ്റ്റൽ വിദ്യാർഥി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തമുണ്ടായപ്പോൾ പാകിസ്താൻ ഇന്ത്യയെ ആക്രമിച്ച് മിസൈൽ പ്രയോഗിച്ചതാണെന്നാണ് കരുതിയതെന്ന് ബിജെ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി കേശവ് ഭദാന. വിമാനമിടിച്ച് കോളേജിന്റെ ഹോസ്റ്റൽ ബ്ലോക്കിലെ ചുമരുകളും മേൽക്കൂരയും ഉൾപ്പെടെ വലിയതോതിലുള്ള അവശിഷ്ടങ്ങൾ വീഴാൻ തുടങ്ങിയപ്പോഴാണ് കേശവ് അത് പാകിസ്താന്റെ ആക്രമണമാണെന്ന് കരുതിയത്. അപകടത്തിൽ കേശവിന്റെ കൈകൾക്കും കാലുകൾക്കും തലയ്ക്ക് പരിക്കേറ്റിരുന്നു.

”ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നു അത്. ഏകദേശം 1.30, ഞാൻ സുഹൃത്തുക്കൾക്കൊപ്പം മെസ്സിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്നാണ് കെട്ടിടത്തിന്റെ ചുമരുകളും മേൽക്കൂരയും ഇടിഞ്ഞുവീഴാൻ തുടങ്ങിയത്. ഒരു പൊടിക്കാറ്റ് പോലെയാണ് ആദ്യം തോന്നിയത്. അപ്പോൾ അതൊരു ഭൂകമ്പമായിരിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. പിന്നെ ഞാൻ കരുതിയത് പാകിസ്താൻ മിസൈൽ ഉപയോഗിച്ച് ആക്രമിച്ചിരിക്കാമെന്നാണ്. ഭയന്ന് ഞാൻ മുഖം പൊത്തി. എന്നാൽ മുഖത്തുനിന്ന് കൈകളെടുത്ത നിമിഷം സ്യൂട്ട്‌കേസുകൾ ഒന്നിച്ച് പതിക്കുന്നതാണ് കണ്ടത്. അപ്പോഴാണ് അതൊരു വിമാനാപകടമാണെന്ന് മനസിലായത്.” – കേശവ് ഭദാന വ്യക്തമാക്കി.

”അപകടസമയത്ത് 50 വിദ്യാർഥികൾ ഒന്നാം നിലയിൽ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. എന്റെ മേശയിൽ ആറ് സുഹൃത്തുക്കളുണ്ടായിരുന്നു. അവരിൽ നാലുപേർ അപകടത്തിൽ മരിച്ചു. ഞങ്ങൾ മെസിന്റെ ഒന്നാം നിലയിലായിരുന്നു. നിലവിളികളാണ് പിന്നെ കേട്ടത്. എങ്ങും കറുത്ത പുക നിറഞ്ഞു. അതിനാൽ ഒന്നു കാണാൻ കഴിഞ്ഞില്ല. പെട്ടെന്ന്, മെസ്സിലെ സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങി.” – കേശവ് കൂട്ടിച്ചേർത്തു.

ജൂൺ 12-ാം തീയതി ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്ന് ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനർ 787-8 വിമാനം ജനവാസകേന്ദ്രത്തിൽ തകർന്നുവീണത്. അപകടത്തിൽപ്പെട്ട വിമാനത്തിലെ ഒരാളൊഴികെ മുഴുവൻ യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചു. പറന്നുയർന്നയുടൻ മേഘാനിനഗർ പ്രദേശത്തെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനുമുകളിൽ വിമാനം തകർന്നുവീണ് കത്തുകയായിരുന്നു. മെസ്സിൽ ഭക്ഷണം കഴിക്കാനെത്തിയ ഏതാനും എംബിബിഎസ് വിദ്യാർഥികളും മരിച്ചു. 274 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.