തിരുവനന്തപുരം: പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലാതെ ഭൂനികുതിയും കോടതി ഫീസും വർധിപ്പിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ 200 രൂപയെങ്കിലും വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത്തരത്തിലുള്ള സൂചനകൾ ധനമന്ത്രിയും നൽകിയിരുന്നു. എന്നാൽ ക്ഷേമ പെൻഷന്റെ മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി നൽകുമെന്ന് മാത്രമായിരുന്നു ബജറ്റിൽ ധനമന്ത്രി പറഞ്ഞത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിൽ നൽകും.

ഭൂനികുതി 50 ശതമാനം വർധിപ്പിക്കുകയും ചെയ്തു. കോടതി ഫീസും വർധിപ്പിച്ചു.കേരളത്തിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി ധനമന്ത്രി അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.


വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉൾനാടൻ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാർക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങൾക്കും റോഡുകൾക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെൽത്ത് ടൂറിസം ഹബ്ബാക്കാൻ 50 കോടി രൂപയും പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയർത്തി. ജനറൽ പർപ്പസ് ഫണ്ടായി 2577 കോടി രൂപയും നൽകും. വ്യവസായങ്ങൾക്കുള്ള ഭൂമിക്കായി ക്ലിക്ക് പോർട്ടൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോകകേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി അതിവേഗ റെയിൽപാതയ്ക്ക് ശ്രമം തുടരുമെന്നും പറഞ്ഞു.സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു.























