തുളസിത്തറയിൽ രോമം പിഴുതിട്ട കേസ്; പരിശുദ്ധമായ ഇടത്തിൽ മോശം പ്രവൃത്തി ചെയ്ത ഹോട്ടലുടമക്കെതിരെ നിയമനടപടി സ്വീകരിക്കണം: ഹൈക്കോടതി

കൊച്ചി: ഗുരുവായൂരിലെ ഹോട്ടലിന് മുമ്പിലെ തുളസിത്തറയിൽ രഹസ്യഭാഗത്തെ രോമം പിഴുതിട്ട ഹോട്ടൽ ഉടമയ്‌ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി ഹൈക്കോടതി. ഹിന്ദുമതത്തിന് തുളസിത്തറ പരിശുദ്ധമായ ഇടമാണ്. ഹോട്ടലുടമയുടെ പ്രവൃത്തി ഹിന്ദുമതത്തിൽപ്പെട്ടയാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. കേസിൽ ഇയാൾക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചു.

അബ്ദുൾ ഹക്കീം എന്നയാളാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്ത് വിഡിയോ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. ഹോട്ടലുടമയുടെ പ്രവൃത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്നടക്കമുള്ള കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ആർ ശ്രീരാജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിർദേശം. ഹോട്ടലുടമയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ല. അങ്ങനെയുണ്ടെങ്കിൽ എങ്ങനെയാണ് ഡ്രൈവിങ് ലൈസൻസും ഹോട്ടൽ ലൈസൻസും ലഭിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.