കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർകോട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ–സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ച പശ്ചാത്തലത്തിലാണ് നടപടി.

വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനിയാഴ്ച ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിക്കുകയായിരുന്നു. മതപഠനക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്ൽ സ്കൂളുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.


റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കലക്ടര്‍ എം.എസ്.മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ളവക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. നാളെ (ശനി) അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്.























