മത്സ്യക്കച്ചവടക്കാരനെ കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കൊല്ലം: താന്നിക്കമുക്ക് മാർക്കറ്റിൽ മത്സ്യ മൊത്തക്കച്ചവടക്കാരൻ തൃക്കരുവ ഞാറയ്ക്കൽ ചേരിയിൽ വിളയിൽ മംഗലത്തുവീട്ടിൽ ഇസ്മയിലി(55)നെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മത്സ്യക്കച്ചവടക്കാരനായ ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ അമ്പിളിച്ചേഴത്ത് വടക്കതിൽ വീട്ടിൽ ഷാജഹാനാണ് ശിക്ഷ ലഭിച്ചത്.കൊല്ലം ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

2020 ഫെബ്രുവരി ഏഴിന് രാവിലെ 10.45-നായിരുന്നു സംഭവം. അഞ്ചാലുംമൂട് മാർക്കറ്റിലും താന്നിക്ക മുക്ക് മാർക്കറ്റിലും മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് മത്സ്യം പ്രതി വിൽക്കുന്നതിനെതിരെ മറ്റു കച്ചവടക്കാർ പരാതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് 7 /2/ 2020 ൽ മത്സ്യം മൊത്തക്കച്ചവടക്കാരനായിരുന്ന ഇസ്മയിൽ അഞ്ചാലുംമൂട് മാർക്കറ്റിൽ ഇല്ലാതിരുന്ന സമയത്ത് രാവിലെ എട്ടുമണിക്ക് ഷാജഹാൻ മീൻ വെട്ടുന്ന ഒരു മൂർച്ചയുള്ള കത്തി ഇതര തൊഴിലാളികളെ കാണിച്ച് ആ കത്തി ഇസ്മയിലിനുള്ളതാണെന്ന് വെല്ലുവിളിച്ചിരുന്നു തുടർന്ന് 10 മണിക്ക് മത്സ്യ കച്ചവടക്കാർ കച്ചവടത്തിനായി താന്നിക്കമുക്ക് മാർക്കറ്റിൽ എത്തുകയും ചെയ്തിരുന്നു തുടർന്ന് 10.45 മണിക്ക് താന്നിക്ക മുക്ക് മാർക്കറ്റിൽ എത്തിയ ഇസ്മയിൽ തന്നെ അഞ്ചാലുംമൂട് മാർക്കറ്റിൽ മാർക്കറ്റിൽ വെച്ച് വെല്ലു വിളിച്ചിരുന്നോ എന്ന് പ്രതിയോട് ചോദിച്ച സമയം പ്രതി കരുതി വെച്ചിരുന്ന കത്തിയെടുത്തു വയറിന് മുകൾഭാഗത്ത് കുത്തുകയും സാരമായ മുറിവേറ്റു ഇസ്മയിലിന്റെ കുടൽ പുറത്തു വരികയും ചെയ്തിരുന്നു തുടർന്ന് താന്നിക്ക മുക്ക് മാർക്കറ്റ് ലേലം പിടിച്ചിരുന്ന ഷിജനും ജോസും ചേർന്ന് തങ്കച്ചന്റെ ഓട്ടോറിക്ഷയിൽ ഗുരുതരമായി പരിക്കേറ്റ ഇസ്മയിലിനെ മതിലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും വഴിമധ്യേ ഇസ്മയിൽ മരണപ്പെടുകയാണ് ഉണ്ടായത്.

ഇസ്മയിലിന്റെ മകൻ സൈയ്ദാലിയുടെ മൊഴിപ്രകാരം അഞ്ചാലുംമൂട് പോലീസ് IPC 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയിരുന്നു കേസിന്റെ വിചാരണ കൊല്ലം പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ തുടങ്ങിയെങ്കിലും തുടർന്ന് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയിരുന്നു.

14.08.2024 ലാണ് സാക്ഷി വിസ്തരം തുടങ്ങിയത്. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 18 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും 5 തൊണ്ടിമുതലുകളും തെളിവിലേക്ക് മാർക്ക് ചെയ്തിരുന്നു. പ്രതിഭാഗം സാക്ഷികളായി മനോരമ ചീഫ് റിപ്പോർട്ടറെയും അന്നത്തെ പരവൂർ ജുഡീഷണൽ മജിസ്ട്രേറ്റിനെയും വിസ്തരിച്ചിരുന്നു. ഫസ്റ്റ് അഡിഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയിട്ടുള്ളത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ആർ സേതുനാഥ്, അഡ്വ മിലൻ എം മാത്യു, അഡ്വ പാർത്ഥസാരഥി, അഡ്വ അമിന. ബി എന്നിവർ ഹാജരായി അഞ്ചാലുംമൂട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ അനിൽകുമാരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ, ഗ്രേഡ് സബ് ഇൻസ്പെക്ടർ പി. എസ് ലഗേഷ് കുമാർ, ഗ്രേഡ് എസ് ഐ ആർ പ്രദീപ്കുമാർ,ASI മഞ്ജുഷ എന്നിവർ പ്രോസിക്യൂഷൻ സഹായികളായിരുന്നു