ബലക്ഷയം: കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചുനീക്കണമെന്ന് വിദഗ്ധ സമിതി

കോട്ടയം: നഗരത്തിലെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്. ബലക്ഷയത്തെ തുടർന്നാണ് നടപടി. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്റർ എന്നിവർ നടത്തിയ ബലപരിശോധനാ റിപ്പോർട്ട് നിർദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഇവർ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ തുടർന്ന് അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആകാശപ്പാതയെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയതാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ 22ന് ആണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിർമാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. തുടർന്നു കിറ്റ്‌കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു. തൃശൂരിൽ ഉൾപ്പെടെ ആകാശപ്പാത വന്നു. ഇവിടെ സാങ്കേതികവും നയപരവുമായ കാരണങ്ങൾ പറയുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപ്പാത പൊളിക്കുമെന്നു നിയമസഭയിൽ ഒരു മന്ത്രിയെക്കൊണ്ട് പറയിപ്പിച്ച സർക്കാരാണു ഭരണം നടത്തുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.