തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ, നിർണായകമായത് ടവർ ലൊക്കേഷൻ

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയിൽ. അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂർ മാളയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ജാർഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈൽ ഫോണുകളും സിം കാർഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈൽ ഫോൺ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു ഇയാൾ. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈൽ ഫോൺ ഇയാൾ അപഹരിച്ചിട്ടുണ്ടായിരുന്നു. അതിൽ ഒരാളുടെ ഫോൺ സ്വിച്ച് ഓൺ ആയിരുന്നു.

ഉപയോഗത്തിലുള്ള ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് ഇന്നലെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.