പഹൽഗാം ഭീകരാക്രമണം: പിന്നിൽ ലഷ്‌കർ ഭീകരൻ സെയ്ഫുള്ള കസൂരിയെന്ന് സൂചന

ശ്രീന​ഗർ: പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഭീകരൻ സെയ്ഫുള്ള കസൂരിയെന്ന് സൂചന. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളിൽ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണം നടത്തിയത് ഏഴംഗ സംഘമെന്നാണ് റിപ്പോർട്ട്. ഭീകരർ എത്തിയത് 2 സംഘങ്ങളായി. സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ പഹൽഗാമിൽ എത്തി. ഭീകരർക്കായി മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. അതേസമയം, എൻഐഎ സംഘം ശ്രീനഗറിൽ എത്തി. ഇവർ ഉടൻ തന്നെ പഹൽഗാമിലെത്തും. ഭീകരാക്രമണം ഉണ്ടായ മേഖലയിൽ നിന്ന് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അമിത് ഷാ അനന്ത്‌നാഗിലെ സർക്കാർ ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും എന്നാണ് വിവരം. ആശുപത്രി കനത്ത സുരക്ഷാ വലയത്തിൽലാണ്.

അതിനിടെ, പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശ്രീനഗറിൽ എത്തിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡൽഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തിൽ അടിയന്തര യോഗം ചേർന്നു. അജിത് ഡോവൽ , എസ് ജയശങ്കർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭാ സമിതി യോഗം ചേരും. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങൾ യോഗം അവലോകനം ചെയ്യും. ജമ്മുകശ്മീരിന്റെ വിവിധ മേഖലകളിൽ സൈന്യവും പൊലീസും ചേർന്ന് ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനുമുണ്ട്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നിൽ വച്ചാണ് സൈനിക വേഷത്തിലെത്തിയവർ വെടിയുതിർത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം ഇന്ന് രാവിലെ സംഭവസ്ഥലം സന്ദർശിക്കും. ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കുമെന്നാണ് വിവരം.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉറിയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.