കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷംരൂപ നഷ്ടപരിഹാരം, മകന് സർക്കാർ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണു മരിച്ച ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മകന് സർക്കാർ ജോലിയും നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

കെട്ടിടം തകർന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധങ്ങളുയർന്നിരുന്നു. ആരോപണങ്ങൾ സർക്കാർ തള്ളിയിരുന്നു. പിന്നീട് മന്ത്രിമാർ ബിന്ദുവിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.

കോട്ടയം മെഡിക്കൽ കോളേജ് ഫണ്ടിൽനിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നൽകിയ സർക്കാർ മകന് താത്കാലിക ജോലി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. മകളുടെ ചികിത്സയും മന്ത്രിമാർ ഉറപ്പ് നൽകിയിരുന്നു.