ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് നിർദേശിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. വിദേശകാര്യ മന്ത്രാലയത്തെ എതിർകക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്നും ആക്ഷൻ കൗൺസിൽ ഹർജിയിൽ ആവശ്യപ്പെടുന്നു. ഈ മാസം 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുനന്ത്. ദിയാധനം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾ അംഗീകരിച്ചാൽ മാപ്പു നൽകാമെന്ന് ശരീ അത്ത് നിയമത്തിൽ പറയുന്നുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്താനായി നയതന്ത്ര മാർഗത്തിലുള്ള ഇടപെടലുകൾ കേന്ദ്രം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ആണ് ഹർജി, ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്മാൽ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ മെൻഷൻ ചെയ്തത്. എന്തിനാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചു. നിമിഷപ്രിയ മലയാളി നഴ്‌സാണ്. ജോലി തേടി യെമനിൽ പോയതാണ്. അവിടുത്തെ ഒരാൾ നിമിഷപ്രിയയെ നിരന്തരം ഉപദ്രവിച്ചിരുന്നു. തുടർന്ന് അയാൾ കൊല്ലപ്പെടുകയായിരുന്നുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ഹർജി ഈ മാസം 14 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. എന്നാൽ ഈ മാസം 16 ന് നിമിഷപ്രിയയെ തൂക്കിലേറ്റാൻ യെമൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്.

























