കോഴിക്കോട്: മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകളാണ് പുറത്തുവിട്ട് കുടുംബം. യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വർണനകളും ലൈംഗിക താൽപര്യവും വ്യക്തമാക്കുന്നതാണ് ചാറ്റുകൾ. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചിരുന്നു.

തുടർന്ന് ഇയാൾ ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചു. തന്റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്നും ബിസിനസ്‌പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിപ്പിച്ചു. കടമായി നൽകിയ പണം തിരിച്ചയക്കരുതെന്നും ‘നീ ഈ സ്ഥാപനത്തിലെ മാലാഖ’ ആണെന്നും വാട്സാപ് സന്ദേശത്തിലുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാകരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്. യുവതി പരുക്കു പറ്റി ആശുപത്രിയിലായശേഷവും ഭീഷണി സന്ദേശം അയച്ചു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നായിരുന്നു ഭീഷണി.


ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മാമ്പറ്റയിലെ ഹോട്ടൽ ഉടമ ദേവദാസ് (68) ഫെബ്രുവരി 5ന് കുന്നംകുളത്ത് പൊലീസിന്റെ പിടിയിലായിരുന്നു. ഹോട്ടൽ ജീവനക്കാരായ മറ്റു രണ്ടു പ്രതികൾ ഇന്നലെ താമരശ്ശേരി കോടതിയിൽ കീഴടങ്ങി. പി കെ.റിയാസ്, കെ.ടി.സുരേഷ് ബാബു എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്.























