തിരുവനന്തപുരം: നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും. കൃഷ്ണകുമാറും മകളും ചേർന്ന് തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. പരാതി വ്യാജമാണെന്നും സ്ഥാപനത്തിലെ പണം തട്ടിയ സംഭവത്തിൽ കേസെടുത്തതിനു പകരമായി ജീവനക്കാർ നൽകിയ പരാതിയാണിതെന്നുമാണു കൃഷ്ണകുമാർ പ്രതികരിച്ചത്.

ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികൾ പരാതി നൽകിയത്. കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും തട്ടിക്കൊണ്ടുപോയി ഫോൺ തട്ടിയെടുത്തെന്നും മുറിയിൽ പൂട്ടിയിട്ട് കൊല്ലുമെന്നു പറഞ്ഞെന്നും ജീവനക്കാർ ആരോപിച്ചിരുന്നു.

























