സി. ആർ. ശ്യാം

കൊച്ചി: കുവൈറ്റിലുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവരിൽ 31 പേരും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരുമിച്ചെത്തി. ഓരോ തവണയും അവർ വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തുമ്പോൾ കുറെ ട്രോളി ബാഗുകളും പെട്ടികളുമുണ്ടാകുമായിരുന്നു. അതിൽ നിറയെ പ്രിയപ്പെട്ടവർക്കായി നൽകാൻ സമ്മാനങ്ങളും. എന്നാൽ ഇത്തവണ എയർ കാർഗോയിൽ എത്തിയത് 31 പെട്ടികൾ മാത്രം. അതിൽ അവരുടെ തണുത്തു മരവിച്ച ശരീരങ്ങൾ. കുവൈറ്റിലെ മംഗഫിൽ കെട്ടിടത്തിന് തീപ്പിടിച്ചുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഭൗതിക ശരീരങ്ങൾ നെടുമ്പാശ്ശേരിയിലെത്തിച്ചപ്പോൾ നെഞ്ച് പിടയുന്ന വേദനയോടെ ഉറ്റവർ കാത്ത് നിൽക്കുകയായിരുന്നു.


അവരെ സാന്ത്വനിപ്പിക്കാൻ ഒട്ടേറെ പേർ എത്തി. രാവിലെ ആറേമുക്കലോടെ കുവൈറ്റ് എയർപോർട്ടിൽ നിന്നും മൃതദേഹങ്ങളുമായി പുറപ്പെട്ട വ്യോമസേനയുടെ സി 130ജെ വിമാനം 11 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കാത്ത് നിന്നവർക്കരികിലേക്ക് എമ്പം ചെയ്ത് സൂക്ഷിച്ച മൃതദേഹങ്ങൾ പൊതുദർശനത്തിനായി സ്ഥാപിച്ച പന്തലിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മറ്റു മന്ത്രിമാർ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെ ജനപ്രനിധികൾ രാഷ്ട്രീയ നേതാക്കൾ അടക്കം ആയിരകണക്കിനാളുകൾ അന്ത്യമോപചാരാമർപ്പിച്ചു. അതത് ജില്ല ഭരണകൂടം മരണപ്പെട്ടവരുടെ മൃതദ്ദേഹം ഔദ്യോഗികമായി ഏറ്റുവാങ്ങി. 23 മലയാളികളുടെയും 7 തമിഴ്നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് എത്തിച്ചത്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും അധികൃതരും ബന്ധുക്കളും എത്തിയാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. പോലീസ് ഗർഡ് ഓഫ് ഓണർ നൽകിയ ശേഷം പൊതുദർശനം പൂർത്തിയാക്കി ഓരോരുത്തരുടെയും മൃതദേഹങ്ങൾ ആംബുലസുകളിലേക്ക് മാറ്റി.

പത്തനംത്തിട്ട കീഴ്‌വായ്പ്പൂർ സ്വദേശിയായ സെബിന്റെ മൃതദേഹം സൂക്ഷിച്ച പെട്ടിയിൽ മുത്തം നൽകി പിതാവും ബന്ധുക്കളും അലമുറയിട്ട് കരയുകയായിരുന്നു. വിവാഹം കഴിക്കുന്നതിനും പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനുമായി അടുത്തമാസം നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്കരികിലേക്ക് പാമ്പാടി സ്വദേശി സ്റ്റെഫിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. പിതാവ് ജോലി ചെയ്യുന്ന കമ്പനിയിൽ തന്നെ ജോലി ലഭിച്ച് അഞ്ച് ദിവസം മുൻപാണ് കോട്ടയം ഇത്തിത്താനം ശ്രീഹരി വിദേശത്തേയ്ക്ക് യാത്ര തിരിച്ചത്.
മരണപ്പെട്ടവരിൽ ഏറെയും ദീർഘ നാളത്തെ പ്രവാസ ജീവിതത്തിന് ശേഷം തൊട്ടടുത്ത ദിവസം നാട്ടിലെത്തേണ്ടവർ അല്ലെങ്കിൽഏതാനും ദിവസങ്ങൾക്കു മുൻപ് വിദേശത്തേക്ക് പുറപ്പെട്ടവർ.അങ്ങനെ ഓരോരുത്തരെപ്പറ്റിയും പറയാനുണ്ട് ഹൃദയം നുറുങ്ങുന്ന സങ്കട കഥകൾ. മരണപ്പെട്ടവരിൽ എല്ലാവരും സാധാരണ കുടുംബത്തിലെ അംഗങ്ങൾ. സ്വന്തമായി ഒരു ജോലി നേടി കുടുംബത്തെ പ്രാരാബ്ധങ്ങളിൽ കരകയറ്റി വരുമ്പോഴാണ് അപ്രതീക്ഷിതമായി ദുരന്തം അവരുടെയെല്ലാം സ്വപ്‌നങ്ങൾ ഇല്ലാതാക്കുന്നത്.

നഷ്ടമായവർ പ്രവാസ ജീവിതത്തിലൂടെ നെയ്തെടുത്ത സ്വപ്‌നങ്ങൾ ഓർത്തോർത്തു കരയുകയായിരുന്നു ഉറ്റവരും സുഹൃത്തുക്കളും. 31 പേരുടെയും പ്രിയപ്പെട്ടവരുടെ തേങ്ങലുകൾ സങ്കട പെരുമഴയായി തീർന്നു. നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ എപ്പോഴും അകമഴിഞ്ഞ് സഹായിക്കുന്ന പ്രവാസി സമൂഹത്തിനുണ്ടായ ദുരന്തം നാടിന്റെയാകെ നൊമ്പരമായി മാറി. 31 പേർക്കുമായി നോർക്ക റൂട്സ് ഏർപ്പെടുത്തിയ ആംബുലൻസുകൾ പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ അവരവരുടെ ജന്മനാടുകളിലേക്ക് യാത്ര തിരിച്ചു.























