നിലമ്പൂരിൽ എം സ്വരാജ് ഇടത് സ്ഥാനാർഥി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എം സ്വരാജ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥി. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

തൃപ്പൂണിത്തുറയിൽനിന്ന് 2016ൽ എംഎൽഎയായ എം സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെടുകയായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിൽ ഒരു രാഷ്ട്രീയ പോരാട്ടം തന്നെയായാണ് ഇടതുപക്ഷം കാണുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഈ രാഷ്ട്രീയ പോരാട്ടത്തിൽ സഖാവ് എം സ്വരാജ് സ്ഥാനാർഥി ആകണമെന്നാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. ഒരു പാർലമെന്റേറിയൻ എന്ന നിലയിലും പൊതുപ്രവർത്തകർ എന്ന നിയിലും ഉയർന്നുവന്ന സ്വരാജിനെ രാഷ്ട്രീയ പോരാട്ടത്തിൽ മുന്നിൽ നിർത്തണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.