ശ്രീനാരായണ ഗുരു ജയന്തി: ഇന്ന് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾക്ക് ഇന്ന് അവധി. ബാറുകൾ തുറന്നുപ്രവർത്തിക്കും. 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകൾക്ക് അവധിയായിരിക്കും. തിരുവോണദിവസവും മദ്യശാലകൾ തുറന്നുപ്രവർത്തിച്ചിരുന്നില്ല. സംസ്ഥാനത്ത് ഉത്രാട നാളിൽ റെക്കോർഡ് മദ്യവിൽപ്പനയാണ് നടന്നത്. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്.

കഴിഞ്ഞ വർഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വർധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്ക് അവധിയായതിനാലാണ് ഉത്രാട ദിവസം മദ്യവിൽപ്പന തകൃതിയായി നടന്നത്. വിൽപ്പനയിൽ കരുനാഗപ്പള്ളി ഔട്ട്ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് കൊല്ലം ജില്ലയിൽ തന്നെയുള്ള ആശ്രാമം ഔട്ട്ലെറ്റ് ആണ്. പത്തുദിവസം നീണ്ടുനിന്ന ഈ ഓണസീസണിൽ 826 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവർഷം ഓണക്കാലത്ത് ബെവ്കോയിലൂടെ 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്.