കീടനാശിനികളടക്കം കൊടിയ വിഷവസ്തുക്കൾ, പട്ടിക പുറത്ത്; ജാഗ്രത

കോഴിക്കോട്: കേരളത്തിന്റെ പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിൽ ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണിയുയർത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്ന് കസ്റ്റംസ് പുറത്തുവിട്ട കാർഗോ മാനിഫെസ്റ്റോ. 157 കണ്ടെയ്നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ മാർഗരേഖ പ്രകാരം ക്ലാസ് 6.1ൽ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കൾ കണ്ടെയ്‌നറുകളിലുണ്ട്. 20 കണ്ടെയ്‌നറുകളിൽ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും ഒരു കണ്ടെയ്‌നറിൽ 27,786 കിലോഗ്രാം ഈതൈൽ ക്ലോറോഫോർമേറ്റ് എന്ന മറ്റൊരു കീടനാശിനിയുമാണ് ഉള്ളത്. ഡൈമീതൈൽ സൾഫേറ്റ്, ഹെക്‌സാമെതിലിൻ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയർത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടെന്നും കാർഗോ മാനിഫെസ്റ്റോ വ്യക്തമാക്കുന്നു. പരിസ്ഥിതിക്കു ഭീഷണിയുയർത്തുന്ന ബെൻസോ ഫെനോൺ, ട്രൈക്ലോറോ ബെൻസീൻ, 167 പെട്ടി ലിഥിയം ബാറ്ററികൾ എന്നിവയുമുണ്ട്. 40 കണ്ടെയ്‌നറുകളിൽ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോൾ, പെയിന്റ്, ടർപന്റൈൻ, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ഈതൈൽ മീഥൈൽ കീറ്റോൺ എന്നിവയുമുണ്ട്.

19 കണ്ടെയ്‌നറുകളിൽ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1). ഒരു കണ്ടെയ്‌നറിൽ ആൽക്കഹോൾ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്‌നറുകളിൽ നാഫ്തലീൻ, ഒരു കണ്ടെയ്‌നറിൽ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കൾ, 4 കണ്ടെയ്‌നറുകളിൽ പാരാ ഫോർമാൽഡിഹൈഡ് എന്നിവയുമുണ്ട്. വായുസമ്പർക്കമുണ്ടായാൽ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കൾ മറ്റൊരു കണ്ടെയ്‌നറിലുമുണ്ട്. പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കൾ ഉൾപ്പെടുന്ന ക്ലാസ് 4.2ൽ ആണ് ഇതു വരുന്നത്. കപ്പലിൽ നിന്ന് ഇപ്പോഴും തീയും പുകയും ഉയരുന്നുണ്ട്. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. കറുത്ത കട്ടിയുള്ള പുകയാണ് ഇപ്പോഴും ഉയരുന്നത്. കോസ്റ്റ് ഗാർഡും നേവിയും ചേർന്ന് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഫോർവേഡ് ബെയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാണ്. കപ്പലിന്റെ മധ്യഭാഗത്ത് നിന്നുള്ള തീയും പൊട്ടിത്തെറിയുമാണ് തുടരുന്നത്. കണ്ടെയ്‌നറിനോട് ചേർന്നുള്ള ഭാഗമാണിത്. കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. പത്തു മുതൽ പതിനഞ്ച് ഡിഗ്രി വരെയാണ് ചരിവ്. ഇവിടെ നിന്ന് കണ്ടെയ്‌നറുകൾ കൂടുതലായി കടലിലേക്ക് വീണിട്ടുണ്ടാകാമെന്നാണ് കോസ്റ്റ് ഗാർഡ് പറയുന്നത്.

കപ്പൽ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരിൽ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൈനീസ് പൗരന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 32 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത എന്ന് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു. ഹൈദരാബാദ് അസ്ഥാനമായ ഇൻകോയിസ് നിഗമനത്തിൽ കണ്ടെയ്‌നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണി ഉയർത്താൻ സാധ്യതയില്ല. അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലിൽ നിന്നുള്ള വസ്തുക്കൾ അറബിക്കടലിൽ തെക്കു ദിശയിലേക്കു സഞ്ചരിക്കും. തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താൻ സാധ്യതയില്ലാത്തതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സർക്കാരിനും മറ്റും നടപടി എടുക്കാൻ വേണ്ടത്ര സമയമുണ്ടെന്നും ഇൻകോയിസ് അറിയിച്ചു. കടലിലെ ഒഴുക്ക് തെക്കുകിഴക്കൻ ദിശയിലാണ്. തൃശൂർ, എറണാകുളം ജില്ലകളുടെ തീരത്തേയ്ക്ക് കണ്ടെയ്‌നറുകൾ ഒഴുകി എത്താൻ സാധ്യതയുണ്ടെന്ന് അഴിക്കൽ പോർട്ട് ഓഫീസർ അറിയിച്ചു.