വരന് സിബിൽ സ്കോർ കുറവ്; വിവാഹത്തിൽ നിന്ന് പിന്മാറി വധു

മുംബൈ: സിബിൽ സ്കോർ കുറവാണെന്ന കാരണത്താൽ യുവാവിന്റെ കല്യാണം മുടങ്ങി. അകോള ജില്ലയിലെ മുർതിസാപുരിലാണു സംഭവം. വരന്റെ പേരിൽ എടുത്ത പല വായ്പകളും കൃത്യമായി തിരിച്ചടച്ചിട്ടില്ലെന്നു പ്രതിശ്രുത വധുവിന്റെ വീട്ടുകാർ സിബിൽ സ്കോർ പരിശോധിച്ചപ്പോൾ മനസ്സിലായി. ഈ സാമ്പത്തിക ബാധ്യത ഭാവിയിൽ പ്രശ്നമാകുമെന്നു പെൺകുട്ടിയുടെ അമ്മാവൻ നിലപാട് എടുത്തതോടെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറുകയായിരുന്നു.

വധു വരന്മാരും ഇരുവരുടെയും കുടുംബാംഗങ്ങളും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഏതാണ്ട് പറഞ്ഞു ഉറപ്പിച്ചതിന് ശേഷമായിരുന്നു വധുവിൻറെ അമ്മാവന്മാരിൽ ഒരാൾ വരൻറെ സിബിൽ സ്കോർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വരന് സിബിൽ സ്കോർ വളരെ കുറവായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിൻറെ പേരിൽ വിവിധ ബാങ്കുകളിൽ നിന്നും ഒന്നിലധികം വായ്പകൾ ഉള്ളതായും അതോടെ പുറത്ത് വന്നു. മോശം ക്രെഡിറ്റ് ചരിത്രത്തെ സൂചിപ്പിക്കുന്നതാണ് കുറഞ്ഞ സിബിൽ സ്കോറുകൾ. അതുകൊണ്ട് തന്നെ വരൻ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയിൽ അല്ല എന്ന് വിധിയെഴുതിയ വധുവിൻറെ ബന്ധുക്കൾ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിവാഹത്തെ പൂർണമായും എതിർത്ത വധുവിൻറെ അമ്മാവൻ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന പുരുഷൻ തൻറെ അനന്തരവൾക്ക് അനുയോജ്യനല്ല എന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഭാവിയിൽ ഭാര്യയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അയാൾക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. അതോടെ യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആ അഭിപ്രായം അംഗീകരിച്ച് വിവാഹത്തിൽ നിന്നും പിന്മാറി.