നിലമ്പൂർ: നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ പരാമർശിക്കുന്ന 36 ലക്ഷംരൂപയുടെ ആഡംബര കാർ വിവാദത്തിലായതിന് പിന്നാലെ മറുപടിയുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

സത്യവാങ്മൂലം നോക്കിയാൽ അറിയാം, എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. അത് വിൽക്കുകയാണ് ചെയ്തതെന്ന് സ്വരാജ് പറഞ്ഞു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യയാണ് വാങ്ങിയത്. എടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പ എടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്. ഭാര്യ ഒരു സംരംഭകയാണ്. അവർക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടിൽ ആർക്കും വായ്പ എടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്, സ്വരാജ് പറഞ്ഞു. സോഷ്യൽമീഡിയയിലെ ആരുടെയെങ്കിലും അനുവാദം കൂടി വേണമെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ ഞാൻ ഭാര്യയോടു പറയാം, അത്രേയുള്ളൂവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

























