ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാരിക്കാം മോഹൻലാൽ രാജി വച്ചത്? ജഗദീഷിനോട് ‘അമ്മ’ അംഗങ്ങൾക്ക് താല്പര്യമില്ല; മാലാ പാർവതി

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറിനിൽക്കേണ്ടതായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടിയും ‘അമ്മ’യുടെ മുൻ ഐസി കമ്മറ്റി അംഗവുമായ മാലാ പാർവതി. മുൻകാലങ്ങളിൽ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങി എല്ലാവരും ആരോപണം നേരിട്ടപ്പോൾ മാറി നിന്നിട്ടുണ്ട്. ബാബുരാജ് ആരോപണം നേരിട്ടപ്പോൾ മാറി നിൽക്കാത്തത് കൊണ്ടാണ് ‘അമ്മ’യിൽ നിന്ന് രാജി വയ്ക്കാൻ നടൻ മോഹൻലാൽ തീരുമാനിച്ചതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും മാലാ പാർവതി പറഞ്ഞു. ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശം നൽകിയ പലരും ഭൂരിപക്ഷം ‘അമ്മ’ അംഗങ്ങൾക്കും സ്വീകാര്യരല്ല എന്ന് മാലാ പാർവതി പറയുന്നു. ജഗദീഷ് പൊതുസമൂഹത്തിനു സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധിയിൽ നിന്നപ്പോൾ സഹായിക്കുന്നു എന്ന രീതിയിൽ പ്രവർത്തിച്ചിട്ട് വാക്കുമാറിയ ആളാണ്. അത് എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണം നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ‘അമ്മ’യിലെ അംഗങ്ങൾ വോട്ട് ചെയ്താൽ മാത്രമേ നാമനിർദേശം നൽകിയവർ വിജയിക്കൂ എന്നും അംഗങ്ങൾ എന്ത് തീരുമാനം എടുത്താലും താൻ അതിനോടൊപ്പം നിൽക്കുമെന്നും മാലാ പാർവതി മാധ്യമങ്ങളോട് പറഞ്ഞു.

ചരിത്രം ഓർത്തുനോക്കിയാൽ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് എന്നിവർ മാറിനിന്നു. സിദ്ദിഖ് മാറി നിന്നപ്പോഴാണ് ബാബുരാജിനെതിരെ ആരോപണം വന്നത്. ആ സമയത്ത് ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് സ്റ്റെപ് ഡൗൺ ചെയ്യണം എന്ന്. പക്ഷേ അന്ന് അദ്ദേഹം അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാൻ തയാറാകാത്തതു കൊണ്ടാകണം മോഹൻലാൽ രാജി വയ്ക്കാം എന്ന് പറഞ്ഞിട്ട് അഡ്‌ഹോക് കമ്മിറ്റിയിലോട്ടു പോയത്. അതിനു ശേഷം വീണ്ടും ഒരു ഇലക്‌ഷൻ വരുന്ന സമയത്ത് ‘അമ്മ’യുടെ ഭരണ സമിതിയെയും സംഘടനയെയും പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള ഒരു മാതൃക ബാബുരാജ് കാണിക്കണമായിരുന്നു.