ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് സുരേഷ്‌ഗോപിയുടെ മകൻ മാധവ് സുരേഷ്. അടുത്തിടെ ജ്യേഷ്ഠൻ ഗോകുൽ സുരേഷും താനും ഗുരുവായൂരിൽ നിന്ന് വരുന്ന വഴി രണ്ടു ബസുകളുടെ മത്സരയോട്ടം കാരണം തങ്ങളുടെ കാർ ഒരു മരത്തിലിടിച്ച് അപകടപ്പെടണ്ട അവസ്ഥയുണ്ടായി എന്ന് മാധവ് പറയുന്നു.

ഒന്നുകിൽ കേരളസർക്കാർ കെ എസ് ആർ ടി സി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണം അല്ലെങ്കിൽ ഇനി ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ അടിച്ചുപൊട്ടിച്ച് കുറ്റക്കാരുടെ മുഖം തകർക്കാനുള്ള ലൈസൻസ് തനിക്ക് തരണം എന്ന് മാധവ് സുരേഷ് കുറിച്ചു.


മാധവ് സുരേഷിന്റെ വാക്കുകള്‍
“കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം. കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടെണ്ടതായിരുന്നു. അടുത്തിടെ ഞാനും ജ്യേഷ്ഠൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ, അർദ്ധരാത്രിയിൽ രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്ഥലമില്ലാത്തിടത്തേക്ക് ഒതുക്കപ്പെട്ട് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്. കെഎസ്‌ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്, ഇതാണ് എന്റെ നിർദേശം. അല്ലാത്തപക്ഷം ഇത്തരത്തിൽ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകേണ്ടതാണ്.” മാധവ് സുരേഷ് കുറിച്ചു.























