അഭിഭാഷകയെ മർദിച്ച സംഭവം: ബെയ്‌ലിൻ ദാസ് 27 വരെ റിമാൻഡിൽ

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് റിമാൻഡിൽ. 27വരെയാണ് ബെയ്‌ലിനെ കസ്റ്റഡിയിൽ വിട്ടത്. ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു.

പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ യുവതിയുടെ ആക്രമണത്തിൽ ബെയ്‌ലിൻ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കൽ റിപ്പോർട്ടും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ജൂനിയർ അഭിഭാഷക മർദിച്ചപ്പോൾ കണ്ണട പൊട്ടി ബെയ്‌ലിന്റെ ചെവിക്ക് ഇൻഫെക്ഷൻ ഉണ്ടായെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തിൽ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിയുടെ മെഡിക്കൽ റിപ്പോർട്ട് മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് പറഞ്ഞ കോടതി ഒരുതവണ കൂടി പ്രതിയെ പരിശോധന നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. നാളെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഈ റിപ്പോർട്ട് കൂടി കോടതിയിൽ ഹാജരാക്കും.