നടിമാരുടെ ദൃശ്യങ്ങൾ മോശം ആംഗിളിൽ പകർത്തുന്ന ഓൺലൈൻ ചാനലുകൾക്കെതിരെ തിരിച്ചു ‘പണി’ കൊടുത്ത് നടി മാളവിക മേനോൻ. വിഡിയോ ഷൂട്ട് ചെയ്യാനെത്തിയ സംഘത്തിന്റെ വിഡിയോ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചാണ് മാളവിക തിരിച്ചടിച്ചത്. ഈ വിഡിയോ അവർ പരസ്യമാക്കുകയും ചെയ്തു. താൻ വിഡിയോ എടുക്കാൻ ക്യാമറ ഓൺ ചെയ്തപ്പോൾ അവരിൽ പലരും ഓടിയൊളിച്ചുവെന്നും തന്നെപ്പോലുള്ള ആർടിസ്റ്റുകളെ പല ആംഗിളിൽ ഷൂട്ട് ചെയ്തു വിഡിയോ ഇടുന്നവരുടെ ധൈര്യം ഇത്രയേ ഉള്ളൂ എന്നും മാളവിക പറയുന്നു.

‘‘കൂട്ടുകാരെ, ഇതാണ് ഞാൻ ആ പറഞ്ഞ ടീംസ്. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങൾ അല്ലെ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്നു നിങ്ങൾക്കുവേണ്ടി ഞാനത് ചെയ്യാം. എല്ലാവരെയും കിട്ടിയില്ല, ക്യാമറ ഓൺ ചെയ്തപ്പോഴേക്കും പലരും ഓടി. നിങ്ങൾ ക്യാമറ വച്ചു ആകാശത്തു നിന്നും ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഒക്കെ അപ്പോ എന്താ ചെയ്യേണ്ടത്?’’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. ഈ വിഡിയോ ഒരു സ്റ്റോറി ആയി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ താരം പങ്കുവച്ചിരുന്നു.

























