എമ്പുരാന്‍ സിനിമാ വിവാദവുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെ നടി മല്ലിക സുകുമാരന്‍. സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും അങ്ങനെ കാണുന്ന ശീലം മോഹന്‍ലാലിനില്ലെന്നുമുള്ള മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെയാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. നടക്കാത്ത പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്ന് മേജര്‍ രവി പറയുന്നത് എന്തിനാണെന്ന് മല്ലിക സുകുമാരന്‍ ചോദിക്കുന്നു. മോഹന്‍ലാലിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ചിലര്‍ പ്രിഥ്വിരാജിനെ ബലിയാടാക്കുകയാണ്. സിനിമയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മല്ലിക സുകുമാരന്റെ പ്രതികരണം.

മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:


‘എമ്പുരാന്‍’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകന്‍ എന്റെ മകന്‍ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടില്‍ ആയിരുന്നു ഞാന്‍. എന്നാല്‍ എമ്പുരാന്‍ എടുത്തതിലൂടെ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലര്‍ മനഃപൂര്‍വം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ട്.
ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരില്‍ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹന്‍ലാലോ നിര്‍മാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹന്‍ലാല്‍ എന്റെ കുഞ്ഞനുജന്‍ ആണ്. കുട്ടിക്കാലം മുതല്‍ ലാലിനെ എനിക്ക് അറിയാം.എന്റെ മകനെ കുറിച്ച് എത്രയോ വേദികളില്‍ മോഹന്‍ലാല്‍ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാല്‍ ലാലിന്റെയോ നിര്‍മാതാക്കളുടെയോ അറിവില്ലാതെ ചിലര്‍ എന്റെ മകനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതില്‍ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകന്‍ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.
എമ്പുരാന്‍ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിന് ഈ കൂട്ടായ്മയില്‍ ഉള്ള എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട്.അവര്‍ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങള്‍ അപ്പപ്പോള്‍ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തില്‍ സീനുകള്‍ തിരുത്തണമെങ്കില്‍ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്…..പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോള്‍ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?മാസങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഞാന്‍ മകനെ വിളിക്കുമ്പോള്‍ അവന്‍ ഗുജറാത്തില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു..’ഞാന്‍ തിരക്കില്‍ ആണ് അമ്മേ… ലാലേട്ടന്‍ വന്നിട്ടുണ്ട്.ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചര്‍ച്ച ചെയ്യണം’ എന്നാണ് അവന്‍ പറഞ്ഞത്.ഇവര്‍ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാന്‍ എന്ന സിനിമയില്‍ ഇല്ല എന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.മോഹന്‍ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയില്‍ ഇല്ല.തങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവര്‍ രണ്ടു പേരും പറയുകയും ഇല്ല.
പിന്നെ എന്തിനാണ് ഇവരുടെ കൂടെ നില്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാല്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവര്‍ കരുതുന്നുണ്ടാകും. അവര്‍ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ.മോഹന്‍ലാല്‍ അറിയാതെ സ്‌ക്രിപ്റ്റില്‍ പലതും എഴുതി ചേര്‍ത്തു എന്നും മോഹന്‍ലാല്‍ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങള്‍ ആണ് ഇവര്‍ നടത്തുന്നത്.പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എന്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹന്‍ലാല്‍ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്?























