പ്രണയം തകർന്നു, സംസാരിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തി സംഘർഷം; കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട് വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ അടിയേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കണ്ണമ്പ എന്ന സ്ഥലത്ത് 14ന് ഉണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ കൊല്ലം സ്വദേശി അമൽ ആണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും കൊല്ലത്തുള്ള മറ്റൊരു യുവാവും തമ്മിലുള്ള പ്രണയബന്ധം തകർന്നതിനെ ചൊല്ലിയുള്ള സംഘർഷമാണ് കാമുകന്റെ സുഹൃത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

പ്രണയബന്ധം തകർന്നതിനു പിന്നാലെ യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാൻ വർക്കല കണ്ണമ്പയിലുള്ള വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമായി കയ്യാങ്കളി ഉണ്ടായത്. ഇതിനിടെ കാമുകന്റെ സുഹൃത്തായ അമലിന് അടിയേൽക്കുകയായിരുന്നു. 14ന് രാത്രിയാണ് സംഭവം നടന്നത്. അന്നു കൊല്ലം കുണ്ടറയിലെ വീട്ടിലേക്കു മടങ്ങിയ യുവാവ് പിറ്റേന്ന് രാവിലെ രക്തം ഛർദിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ തെങ്ങിൽനിന്നു വീണതാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ആരോഗ്യനില വഷളായി അമൽ 17ന് മരിച്ചു. പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വർക്കലയിൽ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് വർക്കല പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു.