ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടയില്‍ ഭാര്യയെ കഴുത്ത*റുത്ത് കൊ*ലപ്പെടുത്തിയ 48കാരൻ പിടിയില്‍. ഉത്തര്‍പ്രദേശിലെ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ അശോക് കുമാര്‍ ആണ് ഭാര്യ മീനാക്ഷി (40)യെ കൊലപ്പെടുത്തിയത്. ഈ മാസം 18ന് നടന്ന കൊലപാതകത്തില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. വിവാഹേതര ബന്ധത്തിന് ഭാര്യ തടസമായതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

അതിവിദഗ്ധമായാണ് ഇയാള്‍ കൊ*ലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. അശോക് കുമാറിന്റെ വിവാഹേതര ബന്ധത്തെ ഭാര്യ എത്തിര്‍ത്തിരുന്നു. ഇതോടെ ഭാര്യയെ ഒഴിവാക്കാൻ അശോക് തീരുമാനിക്കുകയായിരുന്നു. മൂന്ന് മാസത്തെ പദ്ധതിക്ക് ശേഷം കൊലനടത്താൻ പ്രതി മഹാകുംഭമേള തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായി മക്കളെയും ബന്ധുക്കളെയും അറിയിച്ച ശേഷം 17ന് രാത്രി ഡല്‍ഹിയില്‍ നിന്ന് ഭാര്യയെയും കൂട്ടി കുംഭമേളയ്ക്ക് പുറപ്പെട്ടു. പ്രയാഗ്‌രാജിലെത്തി ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഇതിനിടെ പ്രതി ഭാര്യയ്ക്കൊപ്പം സന്തോഷകരമായി നില്‍ക്കുന്ന ചിത്രങ്ങള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്ക് അയക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ രാത്രിയില്‍ ഇരുവരം തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മീനാക്ഷിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തെളിവുകള്‍ നശിപ്പിച്ച ശേഷം പ്രതി കടന്നുകളയുകയും കുംഭമേളയ്ക്കിടെ ഭാര്യയെ കാണാതായെന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ മകന് സംശയം തോന്നുകയും ഇവര്‍ കുംഭമേളയിലെത്തി പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു. ഹോട്ടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം മീനാക്ഷിയുടെ മകൻ തിരിച്ചറിഞ്ഞതോടെ അശോകിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

























