അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹൻലാലിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇവരെ പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്.

ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, സുധാ മൂർത്തി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് എന്നിവരാണ് പ്രധാനമന്ത്രി നമാനിർദേശം ചെയ്ത മറ്റുള്ളവർ. ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കണമെന്ന് ഞായറാഴ്ച മൻ കി ബാത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഭക്ഷണത്തിൽ എണ്ണ കുറക്കുന്നതും അമിതവണ്ണം കൈകാര്യം ചെയ്യുന്നതും വ്യക്തിപരമായ തീരുമാനമല്ലെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.