കോഴിക്കോട്: ഭർത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവൻ പൊലീസ് രക്ഷിച്ചു. കോഴിക്കോട് വെള്ളയിലാണ് സംഭവം. ഭാര്യയെ താൻ കൊലപ്പെടുത്തി എന്ന് പറഞ്ഞ് വെള്ളയിൽ സ്വദേശി സക്കീർ (49) പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഭാര്യയ്ക്ക് ജീവനുണ്ടായിരുന്നു. ഉടൻ അവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. കഴുത്ത് ഞെരിച്ച് ഭാര്യയെ കൊന്നെന്നായിരുന്നു സക്കീറിന്റെ മൊഴി. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തു.

കുടുംബവഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സക്കീർ ഭാര്യ നസീലയുടെ കഴുത്തുഞെരിച്ചത്. അബോധാവസ്ഥയിലായ ഭാര്യ മരിച്ചെന്നും താൻ കൊലപ്പെടുത്തിയതാണെന്നും കരുതിയാണ് സക്കീർ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഭാര്യയെ കൊന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.


ഉടൻ തന്നെ സക്കീറിനെ സ്റ്റേഷനിൽ ഇരുത്തി രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സക്കീറിന്റെ വീട്ടിലേക്ക് എത്തി. ബന്ധുക്കളെയും അയൽവാസികളെയും വിളിച്ച് വീട്ടിൽ പരിശോധന നടത്തി. നസീലയ്ക്ക് ജീവനുണ്ടെന്ന് ബോധ്യപ്പെട്ടയുടൻ ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയിൽ പൾസും രക്തസമ്മർദവും ഉയർന്ന നിലയിലായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ ഓക്സിജൻ നൽകുകയും തുടർവിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നസീലയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായി വെള്ളയിൽ പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഇവരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയാണ് സക്കീർ. ഇയാളെ റിമാൻഡ് ചെയ്തു.























