തിരുവനന്തപുരം: തലസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങളുടെ പച്ച യൂണിഫോം കോട്ടുകൾ മാറ്റാൻ നീക്കം. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന ബിജെപി ഭരണസമിതിയാണ് പച്ചയ്ക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകൾ വിതരണം ചെയ്തത്. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂടുതലുള്ളതിനാലുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് തിരുവനന്തപുരം മേയർ വിവി രാജേഷ് വ്യക്തമാക്കുന്നത്.

2017-ൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴിൽ ഹരിതകർമസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. ഈ നിറം കണ്ടാണ് നാളിതുവരെ പൊതുജനങ്ങൾ ഇവരെ തിരിച്ചറിഞ്ഞിരുന്നതും. എന്നാൽ ബിജ.പി ഭരണസമിതിയുടെ ഈ അപ്രതീക്ഷിത തീരുമാനത്തോടെ വർഷങ്ങളായി ധരിച്ചുപോന്ന പച്ച നിറം ഉപേക്ഷിക്കേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഒരുവിഭാഗം ഹരിതകർമസേനാംഗങ്ങൾ.


കോർപ്പറേഷൻ വിതരണം ചെയ്ത പുതിയ കിറ്റിൽ കാവി നിറത്തോട് സാമ്യമുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, കൈയുറകൾ , റെയിൻകോട്ട് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പുത്തൻ യൂണിഫോമിന്റെ നിറത്തിലെ വിയോജിപ്പ് കാരണം ആദ്യം ഇത് കൈപ്പറ്റാൻ പല ജീവനക്കാരും തയ്യാറായിരുന്നില്ല. എന്നാൽ കോർപ്പറേഷൻ മേലധികാരികൾ കർശന നിർദ്ദേശം പുറപ്പെടുവിച്ചതോടെ ഒടുവിൽ എല്ലാവർക്കും ഇത് വാങ്ങേണ്ടി വന്നു. പുതിയ വേഷം ധരിക്കാൻ മനസ്സുവരാത്ത പല ജീവനക്കാരും ഇത് ഡ്യൂട്ടി സമയത്ത് ബാഗിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ മറ്റ് ചിലരാകട്ടെ പുതിയ യൂണിഫോം ധരിച്ച് ജോലി ആരംഭിച്ചിട്ടുമുണ്ട്.
വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മേയർ വി.വി. രാജേഷ് രംഗത്തെത്തിയത്. സുരക്ഷ മുൻനിർത്തി റിഫ്ലെക്ഷൻ കൂടുതലുള്ള നിറമാണ് തിരഞ്ഞെടുത്തതെന്നും ഇത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള തീരുമാനമാണെന്നും മേയർ പറഞ്ഞു.





















