കൊല്ലം: കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. എഴുന്നൂറിലേറെ പേർ പാർട്ടിയിൽ നിന്ന് രാജിവച്ചതായി മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിൽ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് കൂട്ടരാജിക്ക് കാരണം. പാർട്ടി വിട്ടവരിൽ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കൽ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടർമാരും 700ലേറെ പാർട്ടി അംഗങ്ങളും 200ലേറെ അനുഭാവികളുമുണ്ടെന്നാണ് പാർട്ടി വിട്ട നേതാക്കൾ പറയുന്നത്.

മുൻ ജില്ലാ കൗൺസിൽ അംഗം ജെസി അനിൽ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി പ്രതാപൻ, അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം കണ്ണങ്കോട് സുധാകരൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗമായിരുന്ന ജി എസ് പ്രിജിലാൽ, കടയ്ക്കൽ പഞ്ചായത്ത് അംഗം വി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, മഹിളാ സംഘം മണ്ഡലം സെക്രട്ടറിയും മുല്ലക്കര രത്‌നാകരന്റെ സഹോദരിയുമായ പി രജിതകുമാരി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയാണ് പാർട്ടി ബന്ധം അവസാനിപ്പിച്ചത്.

























