രാത്രി വിളിച്ചിട്ട് കാണാൻ ദേവതയെപ്പോലുണ്ടെന്ന്: ആറാട്ടണ്ണന്റെ ശല്യത്തെക്കുറിച്ച് മായ വിശ്വനാഥ്

ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ നടി മായ വിശ്വനാഥ്. തന്നെയും ഫോണിലൂടെ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്ന് മായ പറയുന്നു. സന്തോഷ് വര്‍ക്കി രാത്രി ഫോണില്‍ വിളിച്ചെന്നും പരിചയപ്പെടാനാണ്, മാഡത്തെ കണാൻ ദേവതയെ പോലെയുണ്ട് എന്നൊക്കെ പറഞ്ഞതായും മായ വിശ്വനാഥ് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

‘‘ഒരു ദിവസം രാത്രി എനിക്ക് ഒരു കോള്‍ വന്നു. ട്രൂ കോളറില്‍ സന്തോഷ് വര്‍ക്കി എന്ന് കാണിച്ചു. എനിക്ക് ഹാന്‍ഡില്‍ ചെയ്യാമെന്ന് ഉറപ്പുള്ളതിനാൽ ആരുടെ ഫോണായാലും ഞാന്‍ എടുക്കുാറുണ്ട്. ആരാണെന്ന് ഞാൻ ചോദിച്ചപ്പോള്‍ ആറാട്ടണ്ണൻ ആണെന്ന് പറഞ്ഞു. എനിക്ക് മനസിലായിരുന്നില്ല. മോഹൻലാലിന്റെ കൂടെ ‘ആറാട്ട്’ സിനിമയിൽ അഭിനയിച്ച ആരെങ്കിലുമാകുമോ എന്ന് ആദ്യം കരുതി. ചോദിച്ചപ്പോൾ, അങ്ങനല്ല, എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണന്‍ എന്നാണെന്ന് പറഞ്ഞു.

നിങ്ങള്‍ക്ക് അച്ഛനും അമ്മയും ഇട്ട പേര് എന്താണെന്ന് ഞാന്‍ ചോദിച്ചു. സന്തോഷ് വര്‍ക്കി എന്നാണെന്ന് പറഞ്ഞു. എന്തിനാണെന്ന് പറഞ്ഞപ്പോൾ പരിചയപ്പെടാന്‍ വിളിച്ചതാണെന്ന് പറഞ്ഞു. ‘‘മേഡം ഇപ്പോള്‍ വനിതാ തിയറ്ററിന്റെ മുന്നിലുണ്ടോ?’’ എന്ന് ചോദിച്ചു. തിയറ്ററിന് മുന്നില്‍ നില്‍ക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാന്‍ മറുപടി പറഞ്ഞു. മാഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ടെന്ന് അയാള്‍. തനിക്ക് ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. പിന്നെയും ഇയാൾ വിളിച്ചുകൊണ്ടിരുന്നു, ഞാൻ ബ്ലോക്ക് ചെയ്തില്ല. ഇദ്ദേഹത്തിനു രണ്ട് ഫോൺ നമ്പർ ഉണ്ട്.

രാത്രി രണ്ട് മണിക്കൊക്കെ വിളിക്കും, ഇവനാണ് പറയുന്നത് സിനിമാ നടിമാർ വേശ്യകളാണെന്ന്. പിന്നീട് ഇയാൾ സിനിമാ നടിമാരെക്കുറിച്ച് പറഞ്ഞ അശ്ലീല പരാമർശം മറ്റൊരു സുഹൃത്ത് എനിക്ക് അയച്ചു തന്നിരുന്നു. ഞാൻ സിനിമാ സംഘടനയിലെ പലർക്കും അത് ഫോർവേർഡ് ചെയ്തു.’ മായ വിശ്വനാഥ് പറഞ്ഞു.