കോട്ടയം: ഏറ്റുമാനൂരിന് സമീപം യുവതിയും കുട്ടികളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരായ ഓഡിയോ സന്ദേശം പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. വിവാഹമോചനത്തിന് ഭർത്താവ് നോബി ലൂക്കോസ് സമ്മതിക്കാത്തതിനെത്തുടർന്ന് കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് യുവതി ശബ്ദസന്ദേശത്തിൽ സൂചിപ്പിക്കുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് നോബിയുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. പ്രശ്‌നങ്ങൾ നീണ്ടുപോകുന്നതല്ലാതെ, വിവാഹമോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്ന് ഷൈനി പറയുന്നു.


” നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്‌സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു. അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ഈ ലെറ്റർ പോലും അവർ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസൺ എന്ന് എനിക്ക് അറിയില്ല. വക്കീൽ ഇനി ഏപ്രിൽ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്” . സന്ദേശത്തിൽ ഷൈനി പറയുന്നു.
ഷൈനിയുടെയും മക്കളുടെയും മരണത്തിൽ ഭർത്താവ് നോബി ലൂക്കോസിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നോബിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.























