പാലക്കാട്: മണ്ണാർക്കാട്ട് എട്ടുവയസ്സുകാരന് നൽകിയ ഗുളികയിൽ കമ്പിക്കഷണം. നഗരസഭയുടെ കീഴിൽ നാരങ്ങപ്പറ്റയിൽ പ്രവർത്തിക്കുന്ന ജനകീയാരോഗ്യകേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷണം കണ്ടെത്തിയത്. പനിയെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയുമായി കുടുംബം ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയത്. പരിശോധിച്ചശേഷം പാരസെറ്റമോൾ ഉൾപ്പെടെ രണ്ടുദിവസത്തേക്ക് രണ്ടു മരുന്നുകൾ ഡോക്ടർ കുറിച്ചുനൽകി. ചെറിയ കുട്ടിയായതിനാൽ പാരസെറ്റമോൾ അരഗുളിക വീതം മൂന്നുനേരം കഴിക്കാനാണ് നിർദേശിച്ചിരുന്നത്. ഇതുപ്രകാരം രാത്രി മാതാവ് റാബിയ ഗുളിക കൈകൊണ്ട് പകുതി മുറിച്ചപ്പോഴാണ് കമ്പിക്കഷണം കാണുന്നത്.

ഗുളികയോളം നീളമുണ്ട് കമ്പിക്കഷണത്തിന് എന്ന് പരാതിയിൽ പറയുന്നു. നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് മണ്ണാർക്കാട് കല്ലിപ്പറമ്പൻ വീട്ടിൽ കെ പി മുഹമ്മദ് അസീഫ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് ബുധനാഴ്ച പരാതി നൽകി. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ ആരോഗ്യമന്ത്രിക്കും പരാതി നൽകി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന എത്തിക്കുന്ന മരുന്നാണ് ആരോഗ്യകേന്ദ്രത്തിൽ രോഗികൾക്ക് നൽകുന്നത്. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ആരോഗ്യദൗത്യത്തിനും മണ്ണാർക്കാട് നഗരസഭയ്ക്കും റിപ്പോർട്ട് നൽകിയതായി നാരങ്ങപ്പറ്റ നഗര ജനകീയാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അജിഷ അറിയിച്ചു.

























