അമ്മയുടെ വിയോഗത്തിൽ ആശ്വസിപ്പിക്കാൻ അജിത്തിന്റെ വീട്ടിലെത്തി വിജയ്; ഒപ്പം തൃഷയും

അമ്മയുടെ വിയോഗത്തിൽ കഴിയുന്ന നടൻ അജിത്തിനെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. വിജയ് എത്തുമ്പോൾ നടി തൃഷയും അജിത്തിന്റെ വീട്ടിലുണ്ടായിരുന്നു. ശനിയാഴ്ചയാണ് അജിത്തിന്റെ അമ്മ മോഹിനി മണി അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിലേക്കാണ് വിജയ് എത്തിയത്. മുഖ്യമന്ത്രിയായതിനുശേഷം പൊതുവേദികളിൽ കറുപ്പ് സ്യൂട്ടിലാണ് വിജയ് എത്താറുള്ളത്. എന്നാൽ വെള്ള ഷർട്ടും തവിട്ടുനിറത്തിലുള്ള പാന്റ്സും ധരിച്ച് നഗ്നപാദനായാണ് ഉറ്റസുഹൃത്തിനെ കാണാൻ വിജയ് എത്തിയത്.

വിജയ് അജിത്തിന്റെ വീട്ടിലെത്തുമ്പോൾ നടി തൃഷയും അവിടെയുണ്ടായിരുന്നു. വിജയ്​യെ കാത്തിരുന്ന അജിത്തിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അജിത്തിന്റെ അമ്മയുടെ മരണവാർത്തയ്ക്ക് പിന്നാലെ വിജയ്​യും കമൽഹാസനും മറ്റ് താരങ്ങളും അനുശോചനം അറിയിച്ചിരുന്നു. അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത് ചെന്നൈയിലേക്ക് വരികയായിരുന്നു. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.