പൂപ്പത്തി (മാള): പുലിനഖം കെട്ടി നടന്നവരും ആനക്കൊമ്പ് കൊണ്ടുപോയവരും നമുക്ക് മുന്നിലുണ്ടെന്നും അവർക്കൊന്നുമില്ലാത്ത നിയമമാണ് വേടന് മാത്രമുള്ളതെന്നും മന്ത്രി ഒ.ആർ. കേളു. വേടനെ ഒതുക്കാൻ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. ജാതിയുടെ വേലിക്കെട്ടുകളും അതിർവരമ്പുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

വേടന്റെ പരിപാടികൾക്ക് ആളുകൂടിയപ്പോൾ ചിലർക്ക് വിറളിപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ഉന്നതി അംബേദ്കർഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ഏറ്റവും മികച്ച വിദ്യാഭ്യാസത്തിനായി പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള 824 വിദ്യാർഥികളെയാണ് സംസ്ഥാനസർക്കാർ വിദേശസർവകലാശാലകളിലേക്ക് വിട്ടിരിക്കുന്നത്. അവർക്ക് 25 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയിട്ടുള്ളത്.
ഒരു റോഡ് മോശമായാൽ കേരളത്തിലെ എല്ലാ റോഡുകളും മോശമാണെന്നും ഒരു സ്‌കൂൾക്കെട്ടിടത്തിലോ പാലത്തിലോ തകർച്ചയുണ്ടായാൽ എല്ലാം തകർന്നുവെന്നും വരുത്താനാണ് ശ്രമം. സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു.























