മൈസൂരു: സ്വർണം വാങ്ങാനെത്തിയ യുവതി രണ്ടുവയസ്സുള്ള മകളെ ജൂവലറിയിൽ മറന്നു മടങ്ങി. വ്യാഴാഴ്ച വൈകീട്ട് ഹാസനിലാണ് സംഭവം. ഹാസനിലെ ഗാന്ധിബസാറിലെ ജൂവലറിയിലെത്തിയ യുവതി കുട്ടിയെ റിസപ്ഷൻ കൗണ്ടറിന് മുൻപിലിരുത്തി സ്വർണം തിരഞ്ഞെടുക്കാൻ തുടങ്ങി. തുടർന്ന് മകൾ ഒപ്പമുള്ളത് മറന്ന് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മകളുടെ കാര്യം ഓർമ്മവന്നത്. ഉടൻ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി.

ഏറെനേരം കഴിഞ്ഞും അമ്മയെ കാണാതെ ഭയന്ന കുഞ്ഞ് ജൂവലറിക്ക് പുറത്തെത്തി കരച്ചിലാരംഭിച്ചു. കുഞ്ഞിന്റെ കരച്ചിൽ കണ്ട് അതുവഴി വന്ന ഭവാനിയെന്ന വീട്ടമ്മ കുട്ടിയെ എടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഭക്ഷണം വാങ്ങി നൽകാൻ കുഞ്ഞിനെയുമെടുത്ത് അടുത്തുള്ള ഹോട്ടലിലേക്ക് പോയി.


ഈ സമയം കുട്ടിയുടെ അമ്മയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയ പോലീസ് കടയുടെ സിസിടിവി പരിശോധിച്ചു. കുഞ്ഞിനെ മറ്റൊരു സ്ത്രീ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി നഗരത്തിൽ തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഭക്ഷണം വാങ്ങി നൽകിയശേഷം കുഞ്ഞിനെ ഭവാനി ഹാസൻ ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് ഈ വിവരം പോലീസ് യുവതിയെ അറിയിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു.























