പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ ; മീനാക്ഷിയെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളേക്കുറിച്ച് നടി മീനാക്ഷി അനൂപ് നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടുവെന്നും പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെയെന്നും നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു. മീനാക്ഷിയുടെ അഭിപ്രായങ്ങൾക്ക് മന്ത്രി നന്ദിയും അറിയിച്ചു.

അടുത്തിടെ ഒരു വാർത്താ ചാനലിലെ പരിപാടിയിലാണ് മീനാക്ഷി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പാഠപുസ്തകങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മീനാക്ഷി. മന്ത്രിയുടെ പോസ്റ്റിന് മീനാക്ഷിയും നന്ദി അറിയിച്ചിട്ടുണ്ട്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

പ്രിയപ്പെട്ട മീനാക്ഷിയ്ക്ക്,

പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള മീനാക്ഷിയുടെ അഭിപ്രായങ്ങൾ കണ്ടു. അഭിപ്രായങ്ങൾക്ക് നന്ദി. കുട്ടികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ എല്ലാം പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഇത്തരം അഭിപ്രായങ്ങൾ കേട്ടാണ് നാം പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയത്.

ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാഠപുസ്തകങ്ങൾ പുതുക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഫസ്റ്റ് എയ്ഡ് സംബന്ധിച്ച കാര്യങ്ങളും, ട്രാഫിക് ബോധവൽക്കരണവും, സാമ്പത്തിക സാക്ഷരതയും, വേസ്റ്റ് മാനേജ്മെന്റും, നിയമ സാക്ഷരതയുമെല്ലാം വിവിധ ക്ലാസുകളിലെ പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ, നല്ലതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുന്നു.

സ്നേഹത്തോടെ, വി ശിവൻകുട്ടി