കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ മദ്യം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസിൽ അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇപ്പോൾ പ്ലസ്ടുവിൽ പഠിക്കുന്ന പെൺകുട്ടിയെ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. തുടർന്നും പലവട്ടം അതിക്രമത്തിന് ഇരയാക്കിയെന്നും കേസിൽ പറയുന്നു.

വസ്തുതകൾ ശരിയാണെങ്കിൽ പ്രതി അഭിഭാഷകവൃത്തിയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. മലപ്പുറം പൊന്നാനി തോട്ടത്തിൽ നൗഷാദിന്റെ മുൻകൂർ ജാമ്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിക്ടിം റൈറ്റ്‌സ് സെന്റർ പ്രോജക്ട് കോർഡിനേറ്ററുടെ റിപ്പോർട്ട്, കേസ് ഡയറി, കൗൺസിലിങ് റിപ്പോർട്ട് എന്നിവയെ പരിഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി നടപടി.


ആറൻമുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ഹർജിക്കാരൻ. വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മകളാണ് അക്രമത്തിനിരയായത്. ബന്ധുവായ സ്ത്രീയുടെ സുഹൃത്താണ് അഭിഭാഷകൻ. കുട്ടിക്ക് ഹർജിക്കാരനെ അറിയാമായിരുന്നു. 2002ൽ ഹോട്ടലിൽ നിർബന്ധിച്ച് മദ്യം നൽകിയാണ് ആദ്യം ബലാത്സംഗം ചെയ്തത്. ബന്ധുവായ സ്ത്രീയുടെ സാന്നിധ്യത്തിലാണ് മദ്യം കഴിപ്പിച്ചത്. വലിയ ശാരീരിക ബുദ്ധിമുട്ടാണ് കുട്ടി അന്ന് അനുഭവിച്ചത്. കുട്ടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും ഹർജിക്കാരന്റെ പക്കലുണ്ടെന്ന് ബന്ധുവായ സ്ത്രീ കുട്ടിയോട് പറഞ്ഞു. കെട്ടിച്ചമച്ച കേസാണെന്നും പണത്തിന് വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ഓരാൺകുട്ടിക്കെതിരെ ഇത്തരം പരാതി പെൺകുട്ടി ഉന്നയിച്ചിരുന്നെന്നും പിന്നീട് ഒത്തുതീർപ്പാക്കിയെന്നും വിശദീകരിച്ചു.























