പതിനാറുകാരിയെ പീഡിപ്പിച്ചു, ജാമ്യത്തിൽ ഇറങ്ങി വിവാഹ വാഗ്ദാനം നൽകി വീണ്ടും പീ‍ഡനം; പ്രതിക്ക് 23 വര്‍ഷം തടവ്

തിരുവനന്തപുരം: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ജയില്‍വാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസില്‍ പ്രതിയായ പൂങ്കുളം വെങ്കലമണല്‍ വീട്ടില്‍ സുജിത്ത് എന്ന ചക്കര(24)യെ 23 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടുതല്‍ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം.

2022 മാര്‍ച്ച് പന്ത്രണ്ടിനാണ് കേസില്‍ ആസ്പദമായ സംഭവം നടന്നത്. കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. പ്രതി വിവാഹവാഗ്ദാനവും നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി വര്‍ക്കലയില്‍വെച്ച് രണ്ട് ദിവസം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ കേസിന് മുമ്പ് 2021 സെപ്റ്റംബറില്‍ പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പല ദിവസങ്ങളില്‍ പീഡിപ്പിച്ചതിന്‌ മറ്റൊരു കേസുണ്ടായിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ കുട്ടി, തന്നെ കൊണ്ട് പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രതിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതി കുട്ടിയെ വര്‍ക്കലയിലേക്ക് കൊണ്ടുപോയി.

അവിടെ ഒരു ലോഡ്ജില്‍ കൊണ്ടുപോവുകയും തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി ഇവരെ കണ്ടെത്തുകയായിരുന്നു. പോലീസ് കണ്ടെടുത്ത കുട്ടിയുടെ വസ്ത്രങ്ങളില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോള്‍ അതില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആദ്യത്തെ കേസില്‍ പ്രതിക്ക് അമ്പത് വര്‍ഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.