ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി; കിട്ടിയത് സ്‌പോൺസറുടെ ബന്ധു വീട്ടിൽ നിന്ന്

പത്തനംതിട്ട: ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പരാതി നൽകിയ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം വിജിലൻസാണ് പീഠം കണ്ടെടുത്തത്. ശബരിമലയിൽ രണ്ടാമതൊരു ദ്വാരപാലക പീഠം കൂടി നിർമ്മിച്ചു നൽകിയിരുന്നുവെന്നും അതു കാണാനില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതാണ് സ്‌പോൺസറുടെ കൈവശം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. സ്‌പോൺസറുടെ വെളിപ്പെടുത്തലിനെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ് റൂമിലടക്കം പരിശോധന നടത്തിയിരുന്നു.

പീഠം കാണാതായി എന്ന വാർത്ത പുറത്തുവന്ന സമയത്ത്, ദ്വാരപാലക ശില്പത്തിന്റെ ജോലി ഏൽപ്പിച്ചിരുന്ന ജോലിക്കാരന്റെ വീട്ടിൽ ഈ പീഠം ഉണ്ടായിരുന്നുവെന്നാണ് സൂചന. വാർത്ത വന്നതിനു പിന്നാലെ ഇദ്ദേഹം പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ തിരികെ കൊണ്ടു വെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്നലെ ജോലിക്കാരനെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ തിരികെ ഏൽപ്പിച്ചിരുന്നതായി അറിയിച്ചത്. സ്‌പോൺസറുടെ ബന്ധു വീട്ടിൽ നിന്നും കണ്ടെടുത്ത ദ്വാരപാലക പീഠം ദേവസ്വം വിജിലൻസ് കസ്റ്റഡിയിലെടുത്തു. ഇത് സ്‌ട്രോങ് റൂമിലേക്ക് മാറ്റി, പീഠം കണ്ടെടുത്ത കാര്യം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.