പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ് വന്നതില്‍ അന്വേഷണം; ചുമതല പൊലീസ് ആസ്ഥാനത്തെ ഡിഐജിക്ക്

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോയിയോട് ഡിജിപി നിർദേശിച്ചു. ക്വട്ടേഷൻ നൽകിയതിലെ കാലതാമസം ഉൾപ്പെടെ അന്വേഷിക്കും. അക്ഷര തെറ്റ് വന്നതിനാൽ മുൻപ് മാറ്റിവെച്ച മെഡലുകൾ വീണ്ടും വിതരണം ചെയ്തതാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതടക്കം അന്വേഷണപരിധിയിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

മെഡൽ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്.മെഡലുകളിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡൽ എന്നത് തെറ്റായി ‘പോലസ് മെഡൻ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡൽ ജേതാക്കളായ പൊലീസുകാർ വിവരം ഉടൻ മേലധികാരികളെ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പിന്നാലെ ഡിജിപി വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ നിർദേശം നൽകി. കൂടാതെ, അക്ഷരത്തെറ്റുകൾ തിരുത്തി പുതിയ മെഡലുകൾ നൽകാൻ മെഡലുകൾ നിർമിക്കാൻ കരാറെടുത്ത സ്ഥാപനത്തോടും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ 264 ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചത്. ഇതിൽ പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റ് കടന്നുകൂടിയതായാണ് റിപ്പോർട്ട്.