പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മിയാ ജോർജ്. അടുത്തിടെ താരം ചെയ്ത നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി പരിഹാസങ്ങളും ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ ട്രോളുകൾക്ക് മറുപടിയുമായി എത്തിരിക്കുകയാണ് മിയ. രണ്ട് മണിക്കൂർ നീണ്ടുനിന്ന നൃത്ത പരിപാടിയുടെ അവസാന അഞ്ച് മിനിറ്റിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും ട്രോളുകളുണ്ടാക്കി വിൽക്കുന്നതിന് റോയൽറ്റിയൊന്നും ചോദിക്കുന്നില്ലെന്നും മിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിനൊപ്പം നൃത്തപരിപാടിയുടെ വീഡിയോയും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘രണ്ട് മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന അഞ്ച് മിനിറ്റ് മാത്രമേ ക്യാമറയിൽ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പൊ മിനിമം റെക്കോർഡിങ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാൻ. പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ’-മിയ കുറിച്ചു.


ഇതിന് താഴെ നിരവധി പേർ മിയയ്ക്ക് പിന്തുണയുമായി കമന്റ് ചെയ്തു. മിയയുടെ നൃത്തത്തെ വിമർശിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. കോട്ടയം തിരുനക്കര ക്ഷേത്രത്തിലാണ് മിയ നൃത്തപരിപാടി അവതരിപ്പിച്ചത്.























