ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ പരിചയപ്പെടും; പീഡിപ്പിച്ച ശേഷം പണം തട്ടും: മോഡലിങ് കൊറിയോഗ്രഫർ അറസ്റ്റിൽ

തിരുവനന്തപുരം: പെൺകുട്ടികളെ പലയിടത്ത് എത്തിച്ച് പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രഫർ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി മാർക്കറ്റിനു സമീപം പാലകണ്ണി അസീസിന്റെ മകൻ ഫാഹിദി (27) നെയാണ് കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണാഭരണങ്ങളും വാങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളവേഴ്സ് ഉള്ള പ്രതി അതു വഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാം എന്ന പേരിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.