മുംബൈ: ചിക്കന്‍കറി ചോദിച്ചതിന് ഏഴുവയസ്സുകാരനെ അമ്മ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് ദാരുണ സംഭവം. പാല്‍ഘര്‍ കാശിപാഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പല്ലവി ദുംദെ(40)യാണ് ഏഴുവയസ്സുകാരനായ മകന്‍ ചിന്മയ് ദുംദെയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദനത്തില്‍ ഇവരുടെ പത്തുവയസ്സുള്ള മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയതോടെ പെണ്‍കുട്ടിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

ഏഴുവയസ്സുള്ള സഹോദരന്‍ ഉച്ചഭക്ഷണത്തിനൊപ്പം ചിക്കന്‍കറി ആവശ്യപ്പെട്ടതാണ് അമ്മയെ പ്രകോപിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് ചപ്പാത്തിക്കോല്‍ ഉപയോഗിച്ച് അനുജനെ അമ്മ പൊതിരെ തല്ലിയെന്നും ഇതിനുപിന്നാലെയാണ് തന്നെയും സമാനരീതിയില്‍ മര്‍ദിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് പല്ലവിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

























