മകൾ പീ*ഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല; പൊലീസ് പറഞ്ഞപ്പോൾ നിസംഗതയോടെ കേട്ടിരുന്ന് അമ്മ

കൊച്ചി: പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മകൾ നിരന്തര പീഡനത്തിന് ഇരയായിരുന്നതായി അമ്മ അറിഞ്ഞിരുന്നില്ലെന്ന് വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ചോദ്യം ചെയ്യൽ ഇന്നും തുടരും.

കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന വിവരം അമ്മയെ പൊലീസ് അറിയിച്ചത്. നിസംഗതയോടെയാണ് ഇക്കാര്യം അമ്മ കേട്ടിരുന്നത്. പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകിയേക്കും. ഇയാളെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

നാലു വയസ്സുകാരിയുടെ പോസ്‍റ്റ്‍‌മോർട്ടത്തിലായിരുന്നു പീഡന വിവരം പുറത്തുവന്നത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്റെ പോസ്‌റ്റ്‌മോർട്ടം വിവരങ്ങൾ പൊലീസിനു ലഭിച്ചത്.