മുല്ലപ്പെരിയാർ അറ്റകുറ്റപ്പണിക്ക് തമിഴ്‌നാടിന് അനുമതി നൽകി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അറ്റകുറ്റപ്പണികൾക്ക് ഒടുവിൽ തമിഴ്‌നാടിന് അനുമതി നൽകി കേരളം. അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്‌നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. വിഷയം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരളസന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ നിയമസഭയിൽ പറഞ്ഞിരുന്നു. സ്റ്റാലിൻ കേരളത്തിൽ എത്തിയപ്പോൾ തന്നെ അറ്റകുറ്റപ്പണികൾക്കുളള സാമഗ്രികൾ മുല്ലപ്പെരിയാർ ഡാമിലേക്കു കൊണ്ടുപോകാൻ തമിഴ്‌നാടിന് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവു പുറത്തിറക്കി.

ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നൽകിയത്. ഏഴു ജോലികൾക്കായി നിബന്ധനകളോടെയാണ് അനുമതി. അണക്കെട്ടിലും സ്പിൽവേയിലും സിമന്റ് പെയിന്റിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്‌നാട് നടത്താൻ ഉദ്ദേശിക്കുന്നത്. പെരിയാർ വന്യമൃഗസങ്കേതത്തിൽ കൂടി നിർമാണ സാധനങ്ങൾ കൊണ്ടുപോകുമ്പോൾ മുൻകൂട്ടി കേരളത്തിന്റെ അനുമതി വാങ്ങേണ്ടതാണ്. എന്നാൽ അനുമതി കൂടാതെ എത്തിയ തമിഴ്‌നാട് വാഹനങ്ങൾ കഴിഞ്ഞ ദിവസം ചെക്ക്‌പോസ്റ്റിൽ തടഞ്ഞിരുന്നു. തുടർന്നാണ് തമിഴ്‌നാട് അനുമതി തേടിയത്. അറ്റകുറ്റപ്പണികൾ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കണമെന്ന ജലവിഭവവകുപ്പിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ല. തുടർന്ന് അനുമതി ലഭിക്കാതെ തമിഴ്‌നാട് വാഹനങ്ങൾ തിരികെ പോകുകയായിരുന്നു.

പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്കു മാത്രമാണ് അനുമതി നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി എംഐ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫിസർമാരുടെയോ സാന്നിധ്യത്തിൽ മാത്രമേ പണികൾ നടത്താൻ പാടുള്ളു. നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കണം. വനനിയമങ്ങൾ പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിൽ മാത്രമായിരിക്കും വാഹനങ്ങൾക്ക് അനുമതി നൽകുക. തേക്കടി, വള്ളക്കടവ് ചെക്ക്‌പോസ്റ്റുകളിൽ വാഹനങ്ങളുടെയും കൊണ്ടുപോകുന്ന സാമഗ്രികളുടെയും വിവരങ്ങൾ രേഖപ്പെടുത്തും. സംസ്ഥാന സർക്കാർ അനുമതി നൽകാത്ത ഒരുതരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഡാം സൈറ്റിൽ നടത്താൻ പാടില്ല. 1980ലെ വനസംരക്ഷണ നിയമം അനുമതിയില്ലാത്ത ഒരു പുതിയ നിർമാണവും പാടില്ല തുടങ്ങിയ കാര്യങ്ങളും ഉത്തരവിലുണ്ട്.