കണ്ണൂർ: തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്‌സ ഷോറൂമിൽ നിർത്തിയിട്ട മൂന്ന് കാറുകൾക്ക് തീവച്ച സംഭവത്തിൽ പ്രതി പിടിയിൽ. സ്ഥാപനത്തിലെ സെയിൽസ്മാനായ തെറ്റാമയലയിൽ പന്നിയോടൻ സജീറാണ് (26) പിടിയിലായത്. തലശ്ശേരി ടൗൺ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ഷോറൂമിന് തൊട്ടടുത്തുള്ള യാർഡിൽ ഡെലിവറിക്കായി നിർത്തിയിട്ട മൂന്ന് പുത്തൻ കാറുകൾദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചത്.

പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസിന് തീവെയ്പാണെന്ന് അന്നേ സൂചന ലഭിച്ചിരുന്നു. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാളുടെ അവ്യക്തരൂപം കണ്ടിരുന്നു. ഇത് പിൻതുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. കുറ്റസമ്മതം നടത്തിയ യുവാവിനെ കാർ ഷോറൂമിൽ എത്തിച്ചു തെളിവെടുത്തു. ഷോറൂം മാനേജർ പ്രഭീഷിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏതാണ്ട് 40 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

























