മറ്റുള്ളവരുടെ പണം മാരാര്‍ വാങ്ങുന്നുണ്ടെങ്കിൽ അഴിമതിയാകും, അയാളിൽ ഒരു കണ്ണു വേണം; എൻഎസ് മാധവൻ

ദുരിതാശ്വാശ നിധി സംബന്ധിച്ച് നടത്തിയ സംവിധായകനും ബി​ഗ് ബോസ് ജേതാവുമായ അഖിൽ മാരാറിന്റെ പ്രസ്‍താവന വിവാദമായിരുന്നു. ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാൻ താല്‍പര്യമില്ലെന്ന് പറയുകയായിരുന്നു അഖില്‍ മാരാര്‍. തുടര്‍ന്ന് പൊലീസ് അഖിലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.

സ്വന്തം പണമാണെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകണോ എന്നത് അദ്ദേഹ​ത്തിന് തീരുമാനിക്കാം. എന്നാൽ മറ്റുള്ളവരുടെ പണം വാങ്ങി വീട് വച്ചു നൽകാനാണ് ശ്രമിക്കുന്നതെങ്കിൽ അത് അഴിമതിയായിരിക്കും എന്നുമാണ് അദ്ദേഹം കുറിച്ചത്. മാരാരുടെ പണം ആണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന് ഇല്ല. അദ്ദേഹത്തിന്റെ പണം, അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കാനാണ് നോക്കുന്നതെങ്കിൽ, അതൊരു അഴിമതിപോലെയുണ്ട്. പൊലീസും ആർബിഐയും ഇയാളെ ഒന്ന് സൂക്ഷിക്കണം.- എന്നാണ് എൻഎസ് മാധവൻ കുറിച്ചത്.

ദുരിതാശ്വാശ നിധിയിലേക്ക് പണം നല്‍കില്ലെന്നും ദുരന്തത്തില്‍ പെട്ടവര്‍ക്ക് വീടുവച്ച് നല്‍കും എന്നുമായിരുന്നു അഖില്‍ വ്യക്തമാക്കിയത്. മൂന്ന് വീടുകള്‍ വെച്ച് നല്‍കുമെന്ന് പറയുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാൻ തനിക്ക് താല്‍പര്യമില്ല. പകരം മൂന്ന് വീട് വെച്ചുനല്‍കാൻ തങ്ങള്‍ തയ്യാറാണ്. അത് എന്റെ നാട്ില്‍ എന്ന് പറഞ്ഞത്, വസ്‍തു വിട്ട് നല്‍കാൻ എന്റെ ഒരു സുഹൃത്ത് തയ്യാറായത് കൊണ്ടും വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്‍കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാൻ എന്റെ സുഹൃത്തിന്റെ കണ്‍സ്‍ട്രക്ഷൻ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേന കുറവായതു കൊണ്ടുമാണ്. സഖാക്കളുടെ അഭ്യര്‍ഥന മാനിച്ച് വയനാട്ടില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീടുവെച്ച് കൊടുക്കാം, അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്‍ടം ആയതു കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീടു നിര്‍മിച്ചു നല്‍കാം എന്നുമാണ് അഖില്‍ മാരാര്‍ വ്യക്തമാക്കിയത്.